കൊല്ലം: മത്സ്യം കൂടുതലായി എത്തുമ്പോൾ സംഭരിച്ച് സൂക്ഷിക്കാൻ കൊല്ലം തീരത്ത് റീഫർ കണ്ടെയ്നറെത്തി. തീരദേശ വികസന കോർപ്പറേഷൻ 25 ലക്ഷം രൂപ ചെലവിലാണ് മത്സ്യം കേടാകാതെ സംഭരിച്ച് സൂക്ഷിക്കാൻ കഴിയുന്ന കണ്ടെയ്നർ വാങ്ങിയത്.
20 ടൺ മത്സ്യം വരെ കണ്ടെയ്നറിൽ സൂക്ഷിക്കാം. - 2 മുതൽ -5 ഡിഗ്രി വരെയാണ് ഉള്ളിലെ താപനില. മൂന്ന് ദിവസം കേടാകാതിരിക്കും. രണ്ട് കംപ്രസർ ഉപയോഗിച്ചാണ് ശീതീകരണ സംവിധാനം ഒരുക്കിയിരിക്കുന്നത്, ശീതീകരണം നിലനിറുത്തുന്നതിനായി എയർ കർട്ടനുകൾ, ടെമ്പറേച്ചർ അലാറം, 10 കെ.വി ജനറേറ്റൽ ബാക്ക്അപ്പ് എന്നീ സംവിധാനങ്ങളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കും. ഇപ്പോൾ മൂതാക്കര പള്ളിക്ക് സമീപമാണ് കണ്ടെയ്നർ സൂക്ഷിച്ചിരിക്കുന്നത്. വൈകാതെ തന്നെ തങ്കശേരി ഹാർബറിന് സമീപത്തേക്ക് മാറ്റി സ്ഥിരമായി സ്ഥാപിക്കും. മത്സ്യഫെഡിനാകും പരിപാലന ചുമതല.
ജില്ലയിൽ നിലവിൽ മത്സ്യഫെഡിന് 4 ടൺ മത്സ്യം സംഭരിക്കാനുള്ള ശേഷിയേയുള്ളു. ലോക്ക് ഡൗൺ കാലത്ത് വാങ്ങാൻ ആളില്ലാത്തതിനാൽ നീണ്ടകരയിൽ വള്ളക്കാർ എത്തിച്ച മത്സ്യം പലദിവസങ്ങളിലും തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്നു. നിസാര വിലയ്ക്ക് വള നിർമ്മാണത്തിന് നൽകേണ്ട അവസ്ഥയുമുണ്ടായി. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി മത്സ്യം സംഭരിക്കാനാണ് റീഫർ കണ്ടെയ്നർ എത്തിച്ചത്. കൊല്ലത്തെ പരീക്ഷണം വിജയിച്ചാൽ സംസ്ഥാനത്തെ മറ്റ് ഹാർബറുകളിലും സ്ഥാപിക്കും.
സംഭരണ ശേഷി: 20 ടൺ
ഊഷ്മാവ്: - 2 ഡിഗ്രി മുതൽ -5 വരെ
മത്സ്യം കേടാകില്ല: 3 ദിവസം വരെ
പുതിയ പദ്ധതികൾ
മത്സ്യ ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകളിൽ ചിൽ റൂം
വിപണന യൂണിറ്റുകളിൽ ഫ്രീസർ
വിതരണത്തിന് ഇൻസുലേറ്റഡ് വാനുകൾ