തിരുവനന്തപുരം: പ്രവാസികളോട് മുഖ്യമന്ത്രി നന്ദികേട് കാണിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന വഞ്ചനക്കെതിരെ സെക്രട്ടേറിയേറ്റ് പടിക്കൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏകദിനഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളോടുള്ള ഉത്തരവാദിത്തം നിറവേറ്റാതെ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടക്കുകയാണ് ഇരുസർക്കാരുകളും. പ്രവാസി പുനരധിവാസത്തിനായി സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജന്മനാട്ടിലേക്ക് വരാൻ പാസ്പോർട്ട് ഏർപ്പെടുത്തിയ ഭരണാധികാരിയാണ് പിണറായിയെന്ന് ഉപവാസത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തലയ്ക്ക് നാരങ്ങാ നീരു നൽകി ഉപവാസം അവസാനിപ്പിച്ചു. ഒരു പ്രവാസിയും കേരളത്തിലേക്ക് മടങ്ങിവരരുതെന്ന നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മുസ്ളിംലീഗ് നിയമസഭാകക്ഷി നേതാവ് എം.കെ.മുനീർ,യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ,സി.പി ജോൺ,അനൂപ് ജേക്കബ്,എം.എം.ഹസൻ, ഷിബുബേബി ജോൺ,ബാബു ദിവാകരൻ,കൊട്ടാരക്കര പൊന്നച്ചൻ,ബീമാപള്ളി റഷീദ്,പന്തളം സുധാകരൻ,എം.പിമാരായ കെ.സുധാകരൻ,അടൂർ പ്രകാശ്, വി.കെ ശ്രീകണ്ഠൻ,എം.എൽ.എമാരായ കെ.സി.ജോസഫ്,വി.എസ്.ശിവകുമാർ, ഷാനിമോൾ ഉസ്മാൻ,ഷാഫി പറമ്പിൽ,കെ.എസ്.ശബരീനാഥൻ,എം.വിൻസന്റ്, കെ.പി.സി.സി ഭാരവാഹികളായ പി.സി.വിഷ്ണുനാഥ്,ജോസഫ് വാഴക്കൻ, തമ്പാനൂർ രവി,പാലോട് രവി,ശരത്ചന്ദ്ര പ്രസാദ് ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, യു.എ.ഇ ഇൻകാസ് പ്രസിഡന്റ് മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു. ചെന്നിത്തലയ്ക്ക് പിന്തുണയർപ്പിച്ച് ജില്ലാകേന്ദ്രങ്ങളിൽ എം.പിമാരുടെ നേതൃത്വത്തിൽ ഉപവാസ സമരങ്ങൾ നടന്നു.