തൃശൂർ: മൺസൂൺ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ജില്ലയിൽ 810 അഭയ കേന്ദ്രങ്ങളൊരുക്കി ജില്ലാ ഭരണകൂടം. ഇവിടെ ഒന്നര ലക്ഷം പേരെ പാർപ്പിക്കും. വെള്ളപ്പൊക്ക പ്രതിരോധ സാദ്ധ്യതകൾ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഇന്റർ ഏജൻസി ഗ്രൂപ്പുകളുമായി ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് വർഷമായി 125 സ്ഥലങ്ങളിൽ അപകടം നടന്നിട്ടുണ്ട്. ഇതിൽ 77 പ്രദേശങ്ങളിൽ വീണ്ടും അപകടങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വെള്ളം കയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകണം. അപകട സാദ്ധ്യത കണ്ടാൽ ജനങ്ങൾ ഉടനെ ക്യാമ്പുകളിലേക്ക് മാറണം. ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ സന്നദ്ധ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള
വളണ്ടിയർമാരായി തെരഞ്ഞെടുക്കും. പത്ത് വയസുവരെ പ്രായമുള്ള കുട്ടികൾ, രോഗങ്ങളാൽ വലയുന്നവർ, 60 വയസിന് മുകളിലുള്ളർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിങ്ങളെ നാല് വിഭാഗങ്ങളായി ക്യാമ്പുകൾ തരം തിരിക്കും. നിർമ്മാണം പൂർത്തിയായ ഫ്ളാറ്റുകൾ, കല്യാണ മണ്ഡപങ്ങൾ, ഹോസ്റ്റൽ തുടങ്ങിയ സ്ഥലങ്ങൾ ക്യാമ്പുകൾക്കായി കണ്ടെത്താനും കളക്ടർ നിർദ്ദേശം നൽകി...