നീലേശ്വരം: കനത്ത മഴയിൽ കാർ നിയന്ത്രണംവിട്ട് ഓർച്ച പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഓർച്ച സ്വദേശി എൻ.പി. മുഹമ്മദ് ഷെറൂഫാണ് (22) മരിച്ചത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഓർച്ചയിലെ വീട്ടിൽ മുത്തശിയെ ഇറക്കിയ ശേഷം നീലേശ്വരം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഓർച്ച വളവിൽ വച്ച് കാർ തെന്നിമാറി പുഴയിലേക്ക് പതിക്കുകയായിരുന്നു. 20 മിനിട്ടോളം യുവാവ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് വെള്ളത്തിൽ നിന്ന് കാർ ഉയർത്തി റോഡിൽ എത്തിച്ചത്. കാറിൽ ഷെറൂഫിനെ കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന ആശങ്ക പൊലീസിനും നാട്ടുകാർക്കും ഉണ്ടായിരുന്നെങ്കിലും പിന്നീട് നടത്തിയ തെരച്ചിലിൽ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമായി. കനത്ത മഴയിൽ റോഡ് കാണാതായതാകാം അപകടകാരണമെന്നാണ് നിഗമനം.