ഓടിക്കൊണ്ടിരുന്ന കാറിനുളളിൽ പാമ്പിനെ കണ്ട് ഭയന്ന് സ്ത്രീ. അമേരിക്കയിലാണ് സംഭവം. ഓടിച്ചുകൊണ്ടിരുന്നപ്പോൾ കാറിനുളളിൽ യുവതി പാമ്പിനെ കണ്ടതിന്റെ അനുഭവം വിശദീകരിച്ച് യൂറേക്ക പൊലീസ് ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായി.
ഇന്റർസ്റ്റേറ്റ് 44 ൽ വാഹനം ഓടിക്കുന്നതിനിടെയാണ് യുവതി പാമ്പിനെ കണ്ടത്.സീറ്റിന്റെ അടിയിലുളള ചവിട്ടിയിൽ ചുരുണ്ടു കൂടി കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. അതിനിടെ ഡ്രൈവറുടെ സീറ്റിലേക്ക് ഇഴഞ്ഞുവന്ന പാമ്പിനെ കണ്ട് യുവതി പേടിച്ചുപോയി. ഉടനെ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
എന്നാൽ പൊലീസ് ഏറെ നേരം ശ്രമിച്ചിട്ടും പാമ്പിനെ കാറിനുളളിൽ നിന്ന് പുറത്ത് എടുക്കാൻ സാധിച്ചില്ല. തുടർന്ന് കാർ മറ്റൊരു സ്ഥലത്തേയ്ക്ക് കെട്ടി വലിച്ചു കൊണ്ടുപോയി. പാമ്പ് തനിയെ പുറത്തേയ്ക്ക് വരുന്നത് കാത്ത് മണിക്കൂറുകളോളമാണ് ചെലവഴിച്ചത്. പിന്നീട് ഒരു നാട്ടുകാരന്റെ സഹായത്തോടെ പാമിനെ കാട്ടിലുപേക്ഷിച്ചു.