കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പുകൾ കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള പ്രോസിക്യുഷൻ നടപടികൾ പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് സംസ്ഥാന സർക്കാർ. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യത്തിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനിലായി രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണു പിൻവലിക്കാൻ അനുമതി തേടിയിട്ടുള്ളത്. കേസ് പിൻവലിക്കുന്നതു സംബന്ധിച്ചു ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോടു സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസ് കോടതിയുടെ അനുമതിയോടെ പിൻവലിക്കുന്നതിൽ എതിർപ്പില്ലന്നാണു സർക്കാർ അപേക്ഷയിൽവ്യക്തമാക്കിയിരിക്കുന്നത്.
കേസ് പിൻവലിക്കുവാനായി നടൻ മോഹൻലാൽ നേരത്തെ അപേക്ഷകൾ നൽകിയിരുന്നു. 2016 ജനുവരി 31-നും, 2019 സെപ്റ്റംബർ 20-നുമായി രണ്ട് അപേക്ഷകളാണ് നൽകിയത്. 2019 ഓഗസ്റ്റിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനും കേസ് സംബന്ധിച്ച് സർക്കാരിന് കത്തെഴുതിയിരുന്നു.
ഇത് പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വനം വകുപ്പ് തൊണ്ടിമുതൽ കണ്ടെത്തിയിരുന്നില്ല.