SignIn
Kerala Kaumudi Online
Sunday, 25 October 2020 7.54 PM IST

'അന്നത്തെ സൂപ്പർതാരമുൾപ്പടെ ആരും അദ്ദേഹത്തിനൊരു സിനിമ കൊടുത്ത് സഹായിക്കാൻ തയ്യാറായില്ല'': ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകന്റെ മകൻ

abhiram-suresh-unnithan

സിനിമാ രംഗത്ത് അടുത്തിടെ വിവാദ ചർച്ചകൾക്ക് വഴിവച്ച വിഷയമാണ് സ്വജനപക്ഷപാതം, സിനിമാ പാരമ്പര്യം തുടങ്ങിയവ. എന്നാൽ, സിനിമാ പാരമ്പര്യത്തിൽ ചർച്ചചെയ്യപ്പെടാതെ പോകുന്ന വശത്തെപ്പറ്റി പറയുകയാണ് നിർമ്മാതാവ് സുരേഷ് ഉണ്ണിത്താന്റെ മകൻ അഭിറാം. നിർമ്മിച്ച സിനിമ നഷ്‌ടത്തിലാവുകയും, അത് ജീവിതത്തെ ബാധിക്കുകയും ചെയ്തപ്പോൾ അച്ഛൻ മകന് നൽകിയ ഉപദേശമായിരുന്നു 'ജോലി സമ്പാദിക്കുക, സിനിമയിൽ വരാതിരിക്കുക' എന്നത്.

എന്നിട്ടും അഭിറാം 'ഹിമാലയത്തിലെ കശ്മലൻ' എന്ന സിനിമ സംവിധാനം ചെയ്തു. ആ സിനിമയും പരാജയപ്പെട്ടു. ഒടുവിൽ കടം കയറി വീട് ജപ്തിയായപ്പോൾ നാടുവിട്ടു. ജീവിതത്തിൽ അറപ്പോടെ കണ്ട പല തൊഴിലുകളും ചെയ്തു ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവക്കുറിപ്പ് പങ്കുവയ്ക്കുകയാണ് അഭിറാം തന്റെ ഫേസ്ബുക്കിലൂടെ.

ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്

''ഭാഗ്യവാൻ, തോവാളപ്പൂക്കൾ എന്നീ ചിത്രങ്ങൾ നിർമിച്ചതിൽ വന്ന സാമ്പത്തിക പ്രാരാബ്ധം ലക്ഷങ്ങളുടെ കടത്തിലാണ് ഞങ്ങളുടെ കുടുംബത്തെ കൊണ്ട് നിർത്തിയത്. അന്ന് എനിക്ക് ഏതാണ്ട് 8-9 വയസ്, അനിയൻ ജനിച്ചിട്ടില്ല. തിരുവനന്തപുരത്തെ ഞങ്ങളുടെ ഉള്ളതെല്ലാം വിറ്റു വാടക വാടക വീടുകളിൽ നിന്ന് വാടക വീടുകളിലേക്ക് ഓട്ടം തുടങ്ങി. അപ്പോഴാണ് അച്ഛൻ ഒരു ബൈക്ക് അപകടത്തിൽ പെടുന്നതും കാലിനു സാരമായ പരിക്കോടെ ഏതാണ്ട് 2 കൊല്ലം കിടപ്പിലാവുന്നതും.

താരകേന്ദ്രിതമായ അന്നത്തെ സിനിമ മേഖലയിൽ അദ്ദേഹത്തോടൊപ്പം മുൻപ് അനവധി സിനിമകൾ ചെയ്ത അന്നത്തെ സൂപ്പർതാരമുൾപ്പടെ ആരും അദ്ദേഹത്തിനൊരു സിനിമ കൊടുത്ത് സഹായിക്കാൻ തയ്യാറായില്ല. അതിന് ശേഷം അച്ഛൻ സീരിയൽ രംഗത്ത് സജീവമാവുകയും ആഹാരത്തിനുള്ള വക ഉണ്ടാവുകയും ചെയ്തു. പക്ഷെ എന്നും അച്ഛൻ പറഞ്ഞ ഒരു കാര്യം കൃത്യമായൊരു ജോലി സമ്പാദിക്കുക, സിനിമയിൽ വരാതിരിക്കുക എന്നുള്ളതാണ്.

എന്റെ മനസുമുഴുവൻ എന്നും സിനിമയായിരുന്നു. നാലാം ക്ലാസ്സിലാണ് ആദ്യമായി ഞാൻ നാടകം എഴുതി സംവിധാനം ചെയ്യുന്നത്. അന്ന് തൊട്ടിന്നു വരെ ആ പ്രോസസ്സ് തരുന്നൊരു ലഹരി മറ്റൊന്നാണ്.. അച്ഛൻ പറഞ്ഞത് കേൾക്കാതെ തന്നെ ഞാൻ ഡിഗ്രി മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചു. പി ജി സിനിമ പഠിക്കാൻ പുറത്ത് പോണം എന്ന് പറഞ്ഞപ്പോൾ സീരിയലിൽ നിന്നും പുള്ളി സ്വരൂക്കൂട്ടിയ വീട് തന്നെ ബാങ്കിൽ പണയം വെച്ച് ഞാൻ ഇംഗ്ലണ്ടിൽ പോയി പഠിച്ചു. പോവുമ്പോഴും എല്ലാരും കരുതിയത് അച്ചടക്കമുള്ള മലയാളിയായി ഞാൻ അവിടെ തന്നെ പ്രവാസിയായി ജീവിക്കുമെന്നാണ്.

കൃത്യം ക്ലാസ്സ്‌ തീർന്നതും വണ്ടി കയറിയതും ഒരുമിച്ചായിരുന്നു. മനസ്സ് മുഴുവൻ സിനിമയായിരുന്നു.. എന്റെ അവസാന വർഷ മാസ്റ്റർ പ്രൊജക്റ്റ്‌ ഞാൻ നാട്ടിൽ തന്നെ ചെയ്തു, അതാണ് യക്ഷി faithfully yours.. ശമ്പളം ഇല്ലാതെ ചെയ്ത ജോലിയാണ്, എന്റെ മാസ്റ്റേഴ്സ് ആണ്.. അങ്ങനെ അത്‌ കഴിഞ്ഞു.. പണിയില്ല.. കൊറേ സിനിമകൾ ആലോചിച്ചു, കൊറെയൊക്കെ അലഞ്ഞു.. ഒന്നും നടന്നില്ല..

ആയിടയ്ക്കാണ് കല്യാണവും കുഞ്ഞുമൊക്കെ, എന്തെങ്കിലും തൊഴിൽ ചെയ്തില്ലെങ്കിൽ കാര്യം സ്വാഹയാണ്.. അങ്ങനെയാണ് ഹൈദരാബാദിൽ ശ്രീ നാഗാർജുനയുടെ അന്നപൂർണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് മീഡിയയിൽ ഡയറക്ഷൻ വിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. സാധാരണ പോലെ തന്നെ, കാലുറച്ചില്ല, സിനിമ എന്ന ലഹരി.. അപ്പോഴാണ് ശ്രീ സുരേഷ്‌ കുമാർ സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തു ആരംഭിക്കുന്നത്. നേരെ നാട്ടിലേക്ക് വീണ്ടും പിടിച്ചു, രണ്ട് കൊല്ലത്തോളം അവിടെ ജോലി ചെയ്തു, എന്റെ എന്നത്തേയും ഏറ്റവും പ്രിയപ്പെട്ട തൊഴിലിടം അതാണ്.

അപ്പോഴും സിനിമ അടക്കി നിറുത്തിയില്ല. ഞാനും എന്റെ ഫിലിം സ്കൂൾ സുഹൃത്തുക്കളും ചേർന്ന് സിനിമ ചെയ്യാൻ തീരുമാനിച്ചു. എന്റെ സുഹൃത്തുക്കളെ എല്ലാം കൂട്ടി ഹിമാലയത്തിലെ കശ്മലൻ അവിടെ പിറക്കുന്നു. ഇന്നും ടോറെന്റിൽ പടം കണ്ട് ആഴ്ചയിൽ രണ്ട് തവണയെങ്കിലും ആളുകളുടെ മെസ്സേജ് വരും, അഭിനന്ദിച്ചു കൊണ്ട്.. എന്തായാലും പടം ഉജ്വല തോൽവിയടഞ്ഞു.. ചാനലുകാർക്ക് പുതുമുഖ സിനിമ വേണ്ട എന്ന കാരണം കൊണ്ട് അവിടെയും തഴയപ്പെട്ടു..

അപ്പോഴാണ് 6 കൊല്ലം മുൻപത്തെ എന്റെ എഡ്യൂക്കേഷൻ ലോൺ പലിശ കയറിയതും വീട് ജപ്തി നോട്ടീസ് വരുന്നതും.. സ്വാഭാവികമായും അവരത് കൊണ്ട് പോയ്‌.

താലിമാല ഉൾപ്പടെ ഭാര്യ വിൽക്കാൻ തന്നത് ഇന്നും ഓർമയാണ്.. കടം കയറി നിൽക്കാൻ പറ്റാതെ തത്കാലത്തേക്ക് പാർട്നേഴ്സിനെ നാട്ടിൽ നിർത്തി കുടുംബത്തെയും കൊണ്ട് നാട് വിട്ടു.. അറപ്പോടെ ജീവിതത്തിൽ കണ്ട പല തൊഴിലുകളും എന്റെ നിത്യവൃത്തിയായി.. എനിക്കിന്ന് വിശപ്പില്ല, തൊഴിലെടുക്കുന്നുണ്ട്, ലക്ഷങ്ങളുടെ കട ബാധ്യതകൾ ഞാൻ തീർത്തിട്ടുണ്ട്.. സിനിമ തന്നതല്ല, എന്നാലും ഞാൻ സിനിമ ചെയ്യും. അതെന്റെ ഇഷ്ടമാണ്, എന്റെ ലഹരിയാണ്. സിനിമ കൊണ്ട് തകർന്നടിഞ്ഞ, എന്നിട്ടും സിനിമയെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് നീയൊക്കെ ഇനി എങ്ങനെ കുത്തിയാലും മുറിവേൽകില്ല.. വെയിലത്തു തന്നെയാടാ കുരുത്തത്, അങ്ങനെ ഈ ജന്മം വാടില്ല''.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ABHIRAM SURESH UNNITHAN, LEGACY, CINEMA, FACEBOOK POST, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.