SignIn
Kerala Kaumudi Online
Saturday, 04 July 2020 10.16 PM IST

സംസ്ഥാനത്തെ കഞ്ചാവ് കേസുകളിൽ അവസാന കണ്ണിയെ തൊടാൻ പൊലീസും എക്സൈസും വിറയ്ക്കും

ganja-

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസും എക്സൈസും പിടികൂടിയ ഡസനിലേറെ കഞ്ചാവ് കേസുകളുടെ അന്വേഷണം എത്തിനിൽക്കുന്നത് ആന്ധ്രയിലെ ഗഞ്ചാരാജയെന്ന അർജുൻറാവുവിൽ. ഒരുവർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് നാലുകോടിയുടെ കഞ്ചാവുമായി ആന്ധ്രാ സ്വദേശിയെ പിടികൂടിയതുൾപ്പെടെ നിരവധി കേസുകളിൽ പൊലീസിന്റെയും എക്സൈസിന്റെയും മോസ്റ്റ് വാണ്ട‌ഡ് ലിസ്റ്റിൽപ്പെട്ട ആളായിട്ടും അർജുൻറാവുവിനെ പിടികൂടാൻ ആർക്കുമായില്ല.

ആന്ധ്രയിലെ ലഹരിവ്യാപാരത്തലവനായ അർജുൻറാവുവിന്റെ താവളത്തെപ്പറ്രി ചില സൂചനകൾ പൊലീസിനും എക്സൈസിനും ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയത്തലവന്റെ തട്ടകത്തിൽ കാലുകുത്തുക എളുപ്പമല്ലാത്തതിനാൽ ഇയാളുടെ അറസ്റ്റും കേസുകളുടെ അന്വേഷണവും അനന്തമായി നീളുകയാണ്. വിശാഖ പട്ടണം കേഡിപ്പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കുപ്രസിദ്ധനായ ലഹരി കടത്തുകാരനാണ് ഗഞ്ചാരാജ എന്നറിയപ്പെടുന്ന അർജുൻറാവു. കേരളത്തിനകത്തും പുറത്തും ഒട്ടനവധി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാളെ പിടികൂടാൻ നാളിതുവരെ പൊലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ല.

വിശാഖപട്ടണത്ത് നിന്ന് 150 കിലോമീറ്ററോളം അകലെ നക്സൽ മേഖലയായ കേഡിപ്പേട്ടയാണ് അർജുൻ റാവുവിന്റെ തട്ടകം. ഹെക്ടറുകണക്കിന് കഞ്ചാവ് തോട്ടങ്ങളും കുന്നും മലകളും നിറഞ്ഞ ഇവിടേക്ക് ഈച്ച പോലും കടക്കില്ല. കഞ്ചാവ് തോട്ടത്തിനുള്ളിലെ മലയിൽ കൊട്ടാര സമാനമായ സൗകര്യങ്ങളോടെയാണ് അർജുൻ റാവുവിന്റെ വാസം. മലവിട്ട് ഒന്നിനും പുറത്തേക്ക് പോകേണ്ട ആവശ്യമില്ല. വർഷം തോറും കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കൃഷി ചെയ്യുന്ന റാവുവിന് ഇത് വിറ്റഴിക്കാൻ വൻ ശൃംഖലയാണുള്ളത്. ഇതിലെ ഒരു കണ്ണിമാത്രമാണ് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് സംഘം ആന്ധ്രയിലെ ദാക്ഷായണിൽ നിന്ന് 350 കിലോ കഞ്ചാവുമായി പിടികൂടിയ ശ്രീനുവെന്ന ശ്രീനിവാസൻ.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഗഞ്ചാരാജയെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. കഞ്ചാവ് വാങ്ങാനെത്തിയവരെന്ന വ്യാജേന നക്സൽ താവളത്തിലെത്തി തോക്കിൻ മുനയിൽ, ജീവൻ പണയം വച്ച് ശ്രീനുവിനെ പിടികൂടി കഞ്ചാവ് സഹിതം നാട്ടിലെത്തിച്ചതുപോലെയുള്ള ഒരു സാഹസികത അർജുൻ റാവുവിനെ പിടികൂടുക പ്രായോഗികമല്ലെന്നാണ് പൊലീസ് ഭാഷ്യം. ശ്രീനു പിടിക്കപ്പെട്ടതോടെ അർജുൻ റാവുവിന്റെ സംഘം തികഞ്ഞ ജാഗ്രതയിലാണ്. ഇടുക്കിപോലുള്ള മലയോര ജില്ലകളിൽ നിന്ന് ആന്ധ്രയിലേക്ക് വ‌ർഷങ്ങൾക്ക് മുമ്പേ മാറി താമസിക്കുന്ന മലയാളികളാണ് കഞ്ചാവ് കച്ചവടത്തിന്റെ ഇടനിലക്കാർ. അർജുൻ റാവുവിന്റെ സംഘത്തിൽപ്പെട്ടവരാണ് ഇവർ.

ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്തും അല്ലാതെയും കഞ്ചാവ് കൃഷി ചെയ്യുന്ന സംഘം നവംബർ മുതൽ മാർച്ച് വരെയാണ് ഇതിന്റെ വിളവെടുപ്പ് നടത്തുന്നത്. വിളവെടുത്ത ടൺകണക്കിന് കഞ്ചാവാണ് റാവുവിന്റെ ഗോഡൗണുകളിൽ സംഭരിച്ചിരിക്കുന്നത്. കിലോയ്ക്ക് 1000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് കടത്തികൊണ്ടുവന്ന് പത്തിരട്ടി വിലയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്. നക്സൽ മേഖലയായതിനാൽ സദാ തോക്കുമായാണ് കേഡിപ്പേട്ട പൊലീസിന്റെ സഞ്ചാരമെങ്കിലും അർജുന്റെ താവളത്തിലേക്ക് അവർ തിരി‌ഞ്ഞുനോക്കാറില്ല. പണമുൾപ്പെടെ ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറായ അർജുൻ എതിർക്കാനെത്തുന്നവരോട് കനിവ് കാട്ടാറില്ലത്രേ. തോക്കുൾപ്പെടെയുള്ള ആയുധങ്ങളാകും അവരോട് സംസാരിക്കുക. ഇതാണ് അർജുൻ റാവുവിന്റെ ലാവണത്തിലേക്ക് കടക്കാൻ പൊലീസോ എക്സൈസോ ഭയക്കുന്നത്.

ശ്രീനു പിടിയിലാകുന്നതിന് മുമ്പ് 2018ൽ 135 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും മെഡിക്കൽ കോളേജ് പൊലീസ് അന്വേഷിച്ച് വരുന്ന പ്രതിയാണ് അർജുൻ റാവു. ആന്ധ്രയിൽ നിന്ന് മൂന്ന് കാറുകളിലായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടിയെങ്കിലും കഞ്ചാവിന്റെ ഉറവിടത്തിലേക്ക് അന്വേഷണം നീണ്ടില്ല.

മാത്രമല്ല കഞ്ചാവ് പിടികൂടിയ ഉദ്യോഗസ്ഥർ തന്നെ തുടരന്വേഷണം നടത്താൻ പാടില്ലെന്ന ചട്ടം മറികടന്ന് കേസിൽ അന്നത്തെ മെഡിക്കൽ കോളേജ് സി.ഐ കുറ്റപത്രം സമർപ്പിച്ചതോടെ വിചാരണവേളയിൽ കോടതി പ്രതികളെ വെറുതെവിട്ടു. അർജുൻ റാവുവിനെതിരെ തുടരന്വേഷണം നടന്നതുമില്ല. തനിക്കെതിരായ കേസുകൾ ഇല്ലാതാക്കാനും തെളിവ് നശിപ്പിക്കാനും ലക്ഷങ്ങൾ വാരിക്കോരി ചെലവഴിക്കാനോ വേണ്ടിവന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനോ മടിക്കാത്ത അർജുൻ റാവുവിനെതിരെ തൃശൂർ, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ എക്സൈസിനും പൊലീസിനും ഒന്നിലേറെ കേസുകളാണുള്ളത്. കൊവിഡ് ഭീതി ഒഴിയുമ്പോഴെങ്കിലും അർജുൻറാവുവിന്റെ ആന്ധ്രയിലെ താവളത്തിൽ കടന്നുചെന്ന് രാജ്യാന്തര ലഹരികടത്ത് രംഗത്തെ രാജാവായ ഇയാളെ പൊക്കാനുള്ള തന്ത്രങ്ങളിലാണ് പൊലീസും എക്സൈസും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GANJAV, GANJA, DRUG SMUGGLING, DRUG MAFIYA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.