ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തെത്തുടർന്ന് പ്രശസ്ത ടിക്ടോക് താരം ഫുക്രു ടിക്ടോക്കിനോട് ഗുഡ് ബൈ പറഞ്ഞു. ടിക്ടോക്കിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിടവാങ്ങൽ. ടിക്ടോക് നിരോധനത്തെക്കുറിച്ച് ഫുക്രു എങ്ങനെ പ്രതികരിക്കുമെന്നുളള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനിടെയായിരുന്നു വിടവാങ്ങൽ. രസകരമായ ഒരു വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞാണ് ഫുക്രു ഇതിനോട് പ്രതികരിച്ചത്.
ചൈനീസ് സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകിയാണ് വിഡിയോ ഒരുക്കിയത്. ‘ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ‘ടിക്ടോക്, ചെറുതായിട്ട്’ എന്നായിരുന്നു ഫുക്രുവിന്റെ ഉത്തരം. പിന്നീട് തന്റെ തനത് ശൈലിയിൽ ‘ബൈ’ പറയുകയായിരുന്നു. വീഡിയോയുടെ അവസാനം അദൃശ്യമായ നിരവധി തടസങ്ങൾ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു’ എന്ന് എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
ടിക്ടോക്കിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്ന ഫുക്രു എന്ന പേരിലറിയപ്പെടുന്ന കൊല്ലം സ്വദേശി കൃഷ്ണജീവിന് നിലവിൽ 44 ലക്ഷം ഫോളോവേഴ്സാണുള്ളത്. ടിക്ടോക് വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലും ഹ്രസ്വചിത്രങ്ങളിലും റിയാലിറ്റിഷോയിലും നിരവധി അവസരങ്ങൾ കൈവന്നു. ഒപ്പം നിരവധി ഉദ്ഘാടനങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും അവസരങ്ങൾ ലഭിച്ചു.
ഇന്നലെയാണ് രാജ്യത്ത് ഉപയോഗിക്കുന്ന ടിക്ടോക്, ഷെയർ ഇറ്റ്, ഹെലോ തുടങ്ങിയ 59 ചൈനീസ് മൊബൈൽ ആപ്പുകളും ഗെയിമുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലായിരുന്നു നിരോധനം.