കോതമംഗലം പൂയംകുട്ടിയിൽ റോഡരികിലെ കിണറ്റിൽ ഇന്നലെ രാവിലെ ഏഴു മണിയോടെ വീണതാണ് കാട്ടിൽ നിന്ന് പുഴ കടന്നെത്തിയ കുട്ടിക്കൊമ്പൻ. കൃഷിയിടത്തിലേക്ക് വന്ന ആനക്കൂട്ടത്തിലെ രണ്ടെണ്ണം തിരിച്ചുപോകാൻ വൈകി. നേരം പുലർന്നപ്പോൾ പ്രദേശവാസികൾ ഒച്ചവച്ചതോടെ ഓടി പടിഞ്ഞാറേക്കര എൽദോസിന്റെ വീട്ടിലെ അരമതിലില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ വനപാലകരെത്തിയപ്പോൾ, വന്യജീവി ശല്യം പരിഹരിക്കാൻ വൈദ്യുതി വേലി ഉൾപ്പെടെ ഉറപ്പു നൽകിയാലേ അനുവദിക്കൂവെന്നു പറഞ്ഞ് ജനസംരക്ഷണ സമിതി തടഞ്ഞു. ആറ് മാസത്തിനുള്ളിൽ വേണ്ടതു ചെയ്യാമെന്ന ഉറപ്പിൽ അവർ പിന്മാറിയതോടെ ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് വഴിയുണ്ടാക്കി ആനയെ രക്ഷപ്പെടുത്തി. റോഡരികിലുണ്ടായിരുന്ന സ്കൂട്ടർ തകർത്തായിരുന്നു വനത്തിലേക്ക് തിരിച്ചോട്ടം.