തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയതല്ല, മുന്നണി യോഗങ്ങളിൽ നിന്ന് മാറ്റി നിറുത്തിയതാണെന്ന് വിശദീകരിച്ച് യു.ഡി.എഫ് നേതൃത്വത്തിന്റെ കരണം മറിച്ചിൽ. പുറത്താക്കുന്നതായി പ്രഖ്യാപിച്ച തീരുമാനം അംഗീകരിച്ച അതേ മുന്നണിയോഗമാണ് പിന്നീട് നിലപാടു മാറ്റിയത്.
പുറത്താക്കിയതിനെതിരെ ജോസ് നടത്തുന്ന വൈകാരിക പ്രചാരണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ വീണ്ടുവിചാരം. മുന്നണി നേതൃതലത്തിലുണ്ടാക്കിയ ധാരണപ്രകാരം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു വന്നാൽ വീണ്ടും അവരെ ഉൾക്കൊള്ളാമെന്ന് ഇന്നലെ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യു.ഡി.എഫ് യോഗത്തിൽ എല്ലാവരും നിർദ്ദേശിച്ചു. ധാരണ പാലിക്കണമെന്നല്ലാതെ, ജോസ് വിഭാഗം പുറത്താകണമെന്ന വാശിയൊന്നും തങ്ങൾക്കില്ലെന്ന് പി.ജെ. ജോസഫും മോൻസ് ജോസഫും യോഗത്തിൽ നിലപാട് വ്യക്തമാക്കി.
ജോസ് പക്ഷത്തിന് 'തെറ്റ്' തിരുത്താൻ അവസരം നൽകുന്നതിനായി കോട്ടയം ജില്ലാപഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് തത്കാലമുണ്ടാവില്ല. അതേസമയം, ജോസ് പക്ഷത്തോട് അങ്ങോട്ട് പോയി ചർച്ചയില്ല.
ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും അവരെ യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടെന്നുമാണ് തീരുമാനിച്ചതെന്നും മുന്നണിയോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാദ്ധ്യമങ്ങൾ അത് വളച്ചൊടിച്ചതാണ്. മൂന്ന് മാസത്തെ മാത്രം കാലാവധിയുള്ള ഒരു സ്ഥാനത്തേക്ക് നാല് മാസം ചർച്ച നടത്തിയിട്ടും തീരുമാനമുണ്ടാക്കാനാകില്ലെങ്കിൽ മുന്നണിക്ക് തിരിച്ചടിയാകും. അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേരള കോൺഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. അവർക്ക് തീരുമാനം തിരുത്തി മടങ്ങിവരാം.
രണ്ട് കൂട്ടരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനക്കാര്യത്തിൽ രാത്രി വൈകുവോളം കന്റോൺമെന്റ്ഹൗസിൽ ചർച്ച നടത്തിയാണ് അതിരാവിലെ തീരുമാനം പ്രഖ്യാപിച്ചത്. ജോസ് പക്ഷത്തിന് അംഗങ്ങൾ കൂടുതലായതിനാൽ ആദ്യ അവസരം അവർക്ക് നൽകി. എട്ട് മാസം അവർക്കും ആറ് മാസം ജോസഫിനുമെന്ന ധാരണ അംഗീകരിച്ചു. എന്നാൽ എട്ട് മാസം കഴിഞ്ഞിട്ടും രാജിയുണ്ടായില്ല.
യു.ഡി.എഫ് നേതൃത്വം മുൻകൈയെടുത്തുണ്ടാക്കിയ ധാരണ ഇല്ലെന്ന് അവർ പറഞ്ഞതിനാലാണ്, എങ്കിൽ മുന്നണി യോഗത്തിലേക്ക് വിളിക്കേണ്ടെന്ന് തീരുമാനിച്ചത്. അച്ചടക്കവും യോജിപ്പുമില്ലാതെ മുന്നോട്ട് പോകാൻ ഒരു മുന്നണിക്കുമാകില്ല. അതിനാലാണ് വിഷമിച്ചാണെങ്കിലും ഇങ്ങനെയൊരു തീരുമാനത്തിന് നിർബന്ധിതരായത്.
'ജോസ് പക്ഷത്തെ യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീമുമാനിച്ചതിനെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് പുറത്താക്കൽ എന്നാക്കി"
- രമേശ് ചെന്നിത്തല
നിലപാടിൽ മാറ്റമില്ല: ജോസ്
പ്രത്യേകലേഖകൻ
കോട്ടയം: യു.ഡി.എഫിൽ നിന്ന് പുറത്താക്കിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണം ജോസ് കെ. മാണി തള്ളി. 'സാങ്കേതിക തിരുത്തൽ മാത്രമാണ് യു.ഡി.എഫിന്റേത്. രാഷ്ടീയ നിലപാട് അവർ തിരുത്തിയിട്ടില്ല. നാലു പതിറ്റാണ്ട് യു.ഡി.എഫ് മുന്നണിയിലായിരുന്ന പാർട്ടിയെ ഒറ്റ വാക്കു കൊണ്ടാണ് പുറത്താക്കിയത്. ഞങ്ങളെ പുറത്താക്കിയെന്ന് യു.ഡി.എഫ് കൺവീനർ പറഞ്ഞത് എല്ലാ ചാനലുകളിലും വന്നതാണ്. ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല. യു.ഡി.എഫ് നിർദ്ദേശ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് മുന്നണിയിലേക്ക് തിരിക പോകാനില്ല- ചെന്നിത്തലയ്ക്ക് മറുപടിയായി ജോസ് പറഞ്ഞു.
-