SignIn
Kerala Kaumudi Online
Thursday, 13 August 2020 3.13 PM IST

കാഴ്ചകളുടെ തീരത്തെ കവർന്നു തിന്നതാര്?

sanghu

പഴയ ശംഖുംമുഖമാണ് ഓർമ്മയിൽ. പഴയതെന്നു പറഞ്ഞാൽ തൊള്ളായിരത്തി അൻപതുകളിലെ ശംഖുംമുഖം. അന്നവിടെ എയർപോർട്ട് ഇല്ല. ഉള്ളത് ഏറോഡ്രോം ആണ്. ഒന്നോ രണ്ടോ ഡക്കോട്ട വിമാനങ്ങൾ മാത്രം ഇറങ്ങാൻ സൗകര്യമുള്ള കൊച്ചു വിമാനത്താവളം. ചാക്കയിൽ നിന്ന് നേരെ നടന്ന് ബീച്ചിലെത്താമായിരുന്നു. വിശാലമായ തീരം വെള്ളമണൽ കൊണ്ട് പരവതാനി വിരിച്ചതു പോലെ. കാറ്റാടിമരങ്ങളും അവിടവിടെ പനകളും തീരത്തിന്റെ പ്രത്യേകതകളായിരുന്നു. ദേവീക്ഷേത്രവും അക്വേറിയവുമായിരുന്നു പ്രധാന കാഴ്ചസ്ഥലങ്ങൾ. ട്രാവൻകൂർ റബർ ഫാ‌ക്ടറിയും സൈക്കിൾ റിം ഫാക്ടറിയും അവിടെയുണ്ടായിരുന്നത് ഓർക്കുന്നു. ക്ഷേത്രമൊഴികെ മറ്റെല്ലാം അപ്രത്യക്ഷമായി. ഏറ്റവും ഖേദകരം മനോഹരമായ അക്വേറിയത്തിന്റെ തിരോധാനമാണ്.

യശ:ശരീരനായ വിഖ്യാത പത്രപ്രവർത്തകൻ ടി.എൻ. ഗോപകുമാർ ശംഖുംമുഖം എന്ന ശീർഷകത്തിൽ കലാകൗമുദി വാരികയിൽ എഴുതിയിരുന്ന പംക്തി ഓർമ്മിക്കുന്നു. ശംഖുംമുഖത്തെക്കുറിച്ച് ഒന്നും പറയാതെ, ആ മനോഹര തീരത്തെ ഒരു ബിംബമാക്കി ഗോപകുമാർ നാട്ടുകാര്യവും രാജ്യകാര്യവും അന്തർദ്ദേശീയ വിശേഷങ്ങളുമൊക്കെ എഴുതി. ശംഖുംമുഖത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ട് വിലപിക്കാനേ അവിടം തറവാടാക്കിയ എനിക്ക് കഴിയുകയുള്ളൂ.

സുനാമി ശല്യം ശംഖുംമുഖത്തെ ബാധിച്ചില്ല. പ്രകൃതി (വിശ്വാസികൾ ശംഖുംമുഖം ദേവിക്കാണ് അതിന്റെ ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്) ഈ മനോഹര തീരത്തെ 'കാപ്പാത്തുവാൻ' എക്കാലവും ശ്രദ്ധാലുവായിരുന്നു. സുനാമി പോലും തടഞ്ഞു നിറുത്തി, കടലമ്മ! പക്ഷേ, സുനാമിയുടെ പേരിൽ അടിച്ചുമാറ്റിയ കോടികളുടെ ദുരുപയോഗം കണ്ട് കടലമ്മയ്ക്ക് കണ്ണീ‌രൊഴുക്കാനേ കഴിയുന്നുള്ളൂ.

സുനാമി പാർക്കും അനുബന്ധ കെട്ടിടവും നിർമ്മിച്ചിട്ട് വ്യാഴവട്ടം കഴിഞ്ഞു. പാർക്ക് പല തവണ പല ആവശ്യങ്ങൾക്കായി ഉഴുതുമറിച്ചു. ഈ കൊവിഡ് കാലത്തും, അവിടെ പാർക്കിംഗ് സൗകര്യമൊരുക്കാൻ ബുൾഡോസറുകൾ കിണഞ്ഞു ശ്രമിക്കുന്നു. ട്രാഫിക് സർക്കിൾ ഇടിച്ചുനിരത്തി കുളമാക്കിയതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

കോവളവും ശംഖുംമുഖവും കഴിഞ്ഞാൽ വർക്കല മുതൽ കാസർകോട് വരെ അനവധി ബീച്ചുകളുണ്ട്. ഭേദപ്പെട്ട രീതിയിൽ ഈ ബീച്ചുകൾ അധികാരികൾ സംരക്ഷിച്ചുപോരുന്നു. ശംഖുംമുഖം മാത്രം ജീർണാവസ്ഥയിലായിരിക്കുന്നതിനു പിന്നിൽ ഡി.റ്റി.പി.സി എന്ന സർക്കാർ ഏജൻസിയുടെ അഴിഞ്ഞാട്ടമാണ്. മാറിമാറിയെത്തുന്ന സർക്കാരുകൾ സിൽബന്ധികളെ തിരുകിക്കയറ്റി ബീച്ച്ഭരണം അഴിമതിയുടെ കൂത്തരങ്ങാക്കുകയും ചെയ്തു. ടൂറിസം ഭൂപടത്തിൽ അതുല്യസ്ഥാനമുള്ള ശംഖുംമുഖം ഇന്നൊരു മത്സ്യബന്ധന കേന്ദ്രം മാത്രമായത് യാദൃച്ഛികമല്ല. രാഷ്ട്രീയലാക്കുകളാണ് അതിനു പിന്നിൽ.

ശംഖുംമുഖം ബീച്ച് ഭാഗത്തിന് നഗരസഭയിൽ പ്രാതിനിദ്ധ്യം പോലുമില്ല. പരാതിപ്പെടാൻ കൗൺസിലർ ഇല്ലെന്നത് ഡി.റ്റി.പി.സി യുടെ തന്നിഷ്ടം നടന്നുപോകാൻ ഇടമൊരുക്കുന്നു. പ്രവർത്തനം നിലച്ച എയർ കാർഗോ സ്ഥാപനവും ആളുകൾ തിരിഞ്ഞു നോക്കാതായ മ്യൂസിയവും നോക്കുകുത്തികളായി ശേഷിച്ചിരിക്കുന്നു, കൂട്ടത്തിൽ, വൻ പട പോലെ തെരുവുനായ്ക്കളും! ഈ സുന്ദരതീരത്തെ മോചിപ്പിക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭം തന്നെ വേണ്ടിവന്നേക്കും.

(പ്രമുഖ എഴുത്തുകാരനും സഞ്ചാര സാഹിത്യകാരനുമാണ് ലേഖകൻ. മൊബൈൽ: 93878 04668)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.