പ്യോങ്യാംഗ്: ലോകരാജ്യങ്ങളിൽ കൊവിഡ് വ്യാപനം ശക്തമാകുമ്പോൾ വൈറസ് വ്യാപനം പൂർണമായും തടഞ്ഞുവെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യം തിളക്കമാർന്ന വിജയം കൈവരിച്ചുവെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞു.
പോളിറ്റ് ബ്യൂറോ യോഗത്തിൽ സംസാരിക്കവെയാണ് കിം ഈ കാര്യം പറഞ്ഞത്.മാരകമായ വൈറസിന്റെ കടന്നുകയറ്റം രാജ്യം തടഞ്ഞതായും സ്ഥിരമായ സാഹചര്യം നിലനിറുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ് മാസം മുമ്പ് തന്നെ ഉത്തര കൊറിയ അതിർത്തികൾ അടച്ചു പ്രതിരോധം തീർത്തിരുന്നു. വ്യാഴാഴ്ച നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ കിം ദേശീയ അടിയന്തര പകർച്ചവ്യാധി വിരുദ്ധ പ്രവർത്തനങ്ങൾ വിശകലനം ചെയ്തതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.വൈറസ് വ്യാപനം തടയാനായെങ്കിലും അയൽ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരമാവധി ജാഗ്രത പാലിക്കണമെന്നും കിം ആവശ്യപ്പെട്ടു.
അതേസമയം കൊവിഡ് വൈറസ് ഉത്തര കൊറിയയിൽ വ്യാപിച്ചിട്ടുണ്ടൊയെന്ന കാര്യത്തിൽ ലോകത്തിന് പൂർണമായും വ്യക്തതവന്നിട്ടില്ല. ജനുവരി 30 മുതൽ രാജ്യം അടച്ചിട്ടിരുന്നതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നും കൊവിഡ് രോഗികൾ എത്താനുളള സാദ്ധ്യതയില്ല. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 12 കുറ്റവാളികൾ മാത്രമാണ് ദക്ഷിണ കൊറിയയിൽ പ്രവേശിച്ചത്.
അന്താരാഷ്ട്ര റെഡ് ക്രോസ് ഫെഡറേഷന്റെ സന്നദ്ധപ്രവർത്തകർ അതിർത്തി പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇത് പ്രകാരം രാജ്യത്ത് നിരവധി സ്ഥിരീകരിക്കാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാൽ തലസ്ഥാനത്തെ ജനജീവിതം സാധാരണമാണെന്നാണ് കാണപ്പെടുന്നത്.
കിം ജോങ് ഉൻ വൈറസിനെ തടയാൻ സ്വീകരിച്ച നടപടികൾ ശക്തമായ സന്ദേശമാണ് നൽകുന്നത്. ലോകത്തിലെ മറ്റു ഭാഗങ്ങളിലുളള ജനങ്ങൾ ഒരു പകർച്ചവ്യാധിയുടെ പിടിയിലായിരിക്കുന്നുവെന്നും, അതിൽ നിന്നും തന്റെ പ്രജകളെ താൻ രക്ഷിച്ചുവെന്ന് അവർ അറിയണമെന്നും കിം ആഗ്രഹിക്കുന്നു. അതിർത്തികൾ അടയ്ക്കുകയും ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്തതോടെ രാജ്യം കൂടുതൽ പ്രതിസന്ധിയിലായി. എങ്കിലും ശക്തമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് കിം.