കൊവിഡ് മഹാമാരി ആഗോളവ്യാപകമായി തന്നെ സിനിമാ മേഖലയെയും ബാധിച്ചിട്ടുണ്ട്. തിയേറ്ററുകൾ അടച്ചുപൂട്ടിയപ്പോൾ മലയാളത്തില്‍ ആദ്യമായി തിയേറ്റര്‍ റിലീസ് ഇല്ലാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നേരിട്ട് സിനിമ റിലീസ് ചെയ്യുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിൽ നിന്നും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഫോണിലോ വാച്ചിലോ കാണാനുള്ളതല്ല സിനിമയെന്ന് തുറന്നുപറയുകയാണ് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
ടെലിവിഷനില്‍ പരിപാടി നടത്തുന്നത് പോലെയോ, റേഡിയോ നാടകം കേള്‍ക്കുന്നത് പോലെയോ ഒരിക്കലും സിനിമയെ കാണാന്‍ പറ്റില്ല. ഓഡിയന്‍സിന് ഒരു ധ്യാനമുണ്ട്, അത് ചെറിയ സംവിധാനങ്ങളില്‍ വന്നാല്‍ നഷ്ടടപ്പെടും -അദ്ദേഹം പറഞ്ഞു.
"സിനിമ എന്നത് ആളുകള്‍ കൂടിയിരുന്ന് ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണ്. അത് ഒറ്റയ്ക്ക് ഇരുന്ന് കാണാനുള്ളതല്ല. നിങ്ങളുടെ ഫോണിലോ വാച്ചിലോ കാണാനുള്ളതല്ല സിനിമ. അങ്ങനെ ഒരു ജന്മമുണ്ട്, അത് നികൃഷ്ട ജന്മമാണ്. നല്ല ജന്മം എന്ന് പറയുന്നത് ശരിക്കും തിയേറ്ററില്‍, നല്ല ശബ്ദങ്ങളും നല്ല രീതിയിലുള്ള പ്രൊജക്ഷനുമൊക്കെയായി കാണുന്നതാണ് ശരിക്കും സിനിമ. സിനിമ എന്ന സങ്കല്‍പ്പം തന്നെ ഉരുത്തിരിഞ്ഞത് അങ്ങനെയാണ്.
ടെലിവിഷനില്‍ പരിപാടി നടത്തുന്നത് പോലെയോ അല്ലെങ്കില്‍ റേഡിയോ നാടകം കേള്‍ക്കുന്നത് പോലെയോ നമുക്ക് ഒരിക്കലും സിനിമയെ കാണാന്‍ പറ്റില്ല. ഓഡിയന്‍സിന് ഒരു ധ്യാനമുണ്ട്, അത് ചെറിയ സംവിധാനങ്ങളില്‍ വന്നാല്‍ നഷ്ടപ്പെടും. പതിവനുസരിച്ച് വരുന്ന സാങ്കേതികവിദ്യയിലെ മാറ്റമായി പുതിയ രീതികളെ കണ്ടുകൂടാ. അങ്ങനെ സംഭവിച്ചാല്‍ സിനിമയുടെ അവസാനമാകും അത്. എല്ലാവരും സിനിമാ തിയേറ്ററൊക്കെ ഉപേക്ഷിച്ച് വീട്ടിലിരുന്ന് സിനിമ കാണുന്ന അവസ്ഥ വന്നാല്‍ അത് നമ്മുടെ സങ്കല്‍പ്പത്തിലുള്ള സിനിമ ആയിരിക്കില്ല. അത് വേറൊരു രൂപമായിരിക്കും.'" -അടൂർ പറഞ്ഞു.