ന്യൂഡൽഹി: കൊവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി നിർമ്മിക്കുന്ന വാക്സിൻ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന ഐ.സി.എം.ആറിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം.. 2021 ന് മുൻപ് കൊവിഡ് വാക്സിൻ പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്രസാങ്കേതിക മന്ത്രാലയം അറിയിച്ചു.
'പൂനെയിലെ ഐ.സി.എം.ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂഷൻ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജി തുടങ്ങി ആറ് സ്ഥാപനങ്ങളാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത്. ആകെയുള്ള 140 വാക്സിനുകളിൽ കൊവാക്സിൻ, സൈകോവ്ഡി എന്നീ ഇന്ത്യൻ വാക്സിനുകൾക്കൊപ്പം 11 വാക്സിനുകൾ മനുഷ്യശരീരത്തിൽ പരീക്ഷിക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ട്. ഇവയിലൊന്നും തന്നെ 2021 ന് മുൻപ് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകില്ല', മന്ത്രാലയം അറിയിച്ചു.
നേരത്തെ ആഗസ്റ്റ് 15 ന് വാക്സിൻ പുറത്തിറക്കുമെന്ന ഐ.സി.എം.ആർ പ്രഖ്യാപനം വിവാദമായിരുന്നു. ഇതിന് പിന്നാലെ ആഗോളാ മാനദണ്ഡങ്ങൾ പ്രകാരമാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആർ വിശദീകരണം നൽകിയിരുന്നു.
മനുഷ്യരിലും മൃഗങ്ങളിലും വാക്സിൻ പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്സിൻ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആർ. അവകാശപ്പെട്ടു. . ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ചാണ് 'കോവാക്സിൻ' വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഐ.സി.എം.ആർ നടത്തുന്നത്.