ഹെലികോപ്ടർ ഷോട്ട്
2011 ലോകകപ്പിന്റെ ഫൈനലിൽ വിജയ സിക്സ് നേടാൻ ധോണി കളിച്ച ഹെലികോപ്ടർ ഷോട്ട് അദ്ദേഹത്തിന്റെ ട്രേഡ് മാർക്കാണ്. റാഞ്ചിയിൽ ക്ളബ് ക്രിക്കറ്റിൽ ധോണിയുടെ സീനിയറും സുഹൃത്തുമായിരുന്ന സന്തോഷ് ലാലാണ് ഇൗ ഷോട്ട് ആദ്യമായി കളിക്കുന്നത്. ഇത് കണ്ട് ഇഷ്ടപ്പെട്ട ധോണി സന്തോഷിന് സമോസ വാങ്ങിക്കൊടുത്ത് ഇത് പഠിച്ചെടുക്കുകയായിരുന്നു. യോർക്കറുകളെപ്പോലും സിക്സിന് പറത്താൻ ഇൗ ഷോട്ടിലൂടെ കഴിയും.
ഫീൽഡ് സെറ്റിംഗ്
ഒാരോ പന്തും ബൗളർ എറിയുന്നതിന് മുമ്പ് കൃത്യമായി ഫീൽഡ് സെറ്റ് ചെയ്യാൻ ധോണിക്ക് കഴിയാറുണ്ട്. 2007 ലോകകപ്പ് ഫൈനലിൽ ശ്രീശാന്തിനെ മിസ്ബയുടെ ക്യാച്ചെടുക്കാനെന്നപോലെ ഷോർട്ട് ഫൈൻ ലെഗിലേക്ക് മാറ്റിനിറുത്തിയത് ഉദാഹരണം. ഫീൽഡ് കൃത്യമായി സെറ്റ് ചെയ്യുന്നതുകൊണ്ട് എതിരാളികളെ പലപ്പോഴും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഒാരോ കളിക്കാരന്റെയും വേഗതയും റിഫ്ളക്സും തിരിച്ചറിഞ്ഞാണ് അവരുടെ ഫീൽഡിംഗ് പൊസിഷൻ നിശ്ചയിക്കുന്നത്.
ഡി.ആർ.എസ്
ധോണി റിവ്യൂ സിസ്റ്റം എന്ന് തമാശയ്ക്ക് ഡിവിഷൻ റിവ്യൂ സിസ്റ്റത്തെ വിശേഷിപ്പിക്കുന്നത് ഇക്കാര്യത്തിൽ ധോണിക്കുള്ള ഉറപ്പുകൊണ്ടാണ്. റിവ്യൂ നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ ധോണിയുടെ അഭിപ്രായമാണ് ബൗളർ ആദ്യം നോക്കുന്നത്. ധോണി റിവ്യു നൽകാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒൗട്ടായിരിക്കും.
റിഫ്ളക്സ്
പണ്ട് സെയ്ദ് കിർമാനി ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ടെക്നിക്കിനെ വിമർശിച്ചിരുന്നു. എന്നാൽ ഇൗ പ്രായത്തിലും ധോണിയുടെ റിഫ്ളക്സിനോളം പോരുന്ന മറ്റൊരു കീപ്പറില്ല. സ്റ്റംപിലേക്ക് നോക്കാതെ ത്രോ ചെയ്ത് റൺ ഒൗട്ടാക്കുന്ന വിദ്യയും കാലുകൾക്കിടയിലൂടെയുള്ള ത്രോയും ധോണിയുടെ മാത്രം സ്പെഷ്യാലിറ്റിയാണ്.
അവർക്ക് പറയാനുള്ളത്
ഞാൻ പെട്ടെന്ന് ഒരു രാത്രികൊണ്ട് ഇന്ത്യൻ ക്യാപ്ടനായതല്ല. ടെസ്റ്റിൽ ക്യാപ്ടനായപ്പോഴും ധോണി കൃത്യമായി കണക്കുകൂട്ടിയാണ് എന്നെ ചുമതല ഏൽപ്പിച്ചത്. എന്നിലെ നായകനെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും ധോണിയാണ്. എന്നെ എപ്പോഴും നിരീക്ഷിക്കുകയും എന്റെ ചിന്തകളിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ധോണി ചെയ്തിരുന്നു. തനിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ധോണി പെരുമാറിയിരുന്നത്. ഞാൻ നല്ലൊരു ക്യാപ്ടനായി മാറിയെങ്കിൽ അതിന് കാരണം ധോണിയാണ്.
വിരാട് കൊഹ്ലി
അത്ഭുതപ്രതിഭയാണ് ധോണി. ബുദ്ധിയും ശാന്തതയും ശക്തിയും കായികക്ഷമതയും വേഗവും മത്സരങ്ങൾ വിജയിപ്പിക്കാനുള്ള പ്രത്യേക സിദ്ധിയും അദ്ദേഹത്തെ ഇൗ കാലഘട്ടത്തിലെ ഏറ്റവും മികച്ച കായിക താരമാക്കി മാറ്റുന്നു. കളിക്കളത്തിൽനിന്ന് എപ്പോൾ വിരമിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.
ഗാരി കേഴ്സ്റ്റൺ
ഞാൻ ഒപ്പം കളിച്ചിട്ടുള്ളവരിൽ ഏറ്റവും മികച്ച ക്യാപ്ടൻ ധോണിയാണ്. വളരെ കൃത്യതയുള്ള ആളും ഏത് സമയവും ജാഗ്രത പുലർത്തുന്ന ആളുമാണ് ധോണി. സാഹചര്യങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും അപാര വേഗമാണ്. എപ്പോഴും ശാന്തനാണ്. നിരാശയും ദേഷ്യവും പുറത്തുകാണിക്കാറില്ല. ഇൗ മാനുഷിക മൂല്യങ്ങൾ കൂടിയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച ക്യാപ്ടനാക്കുന്നത്.
സച്ചിൻ ടെൻഡുൽക്കർ
ക്രിക്കറ്റ് കണ്ട ഏറ്റവും മഹാന്മാരായ കളിക്കാരിൽ ഒരാളാണ് ധോണി. എത്രയോ വർഷമായി അദ്ദേഹം രാജ്യത്തിന് അഭിമാനം പകരുന്നു. ആരെയും അതിശയിപ്പിക്കുന്നതാണ് ധോണിയുടെ നേട്ടങ്ങൾ.
സൗരവ് ഗാംഗുലി
മത്സരഫലം എന്താകുമെന്ന് ചിന്തിക്കുക കൂടിയില്ലാത്ത രീതിയിലാണ് ധോണി ബാറ്റുചെയ്യുന്നതെന്ന് നമുക്ക് തോന്നും. പക്ഷേ ജന്മസിദ്ധമായ കഴിവുകൊണ്ടാണ് നിർമ്മതയോടെ മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ധോണിക്ക് കഴിയുന്നത്.
രാഹുൽ ദ്രാവിഡ്
ധോണിയുടെ പകരക്കാരൻ. പിൻഗാമി എന്നൊക്കെ പലരും പറയുന്നത് കേട്ട് ഞാൻ സന്തോഷിക്കാറുണ്ട്. എന്നാൽ ധോണിയോട് താരതമ്യപ്പെടുത്താൻ പോലും അർഹതയില്ലാത്തയാളാണ് ഞാൻ. അത്രയ്ക്ക് ഉയരെയാണ് അദ്ദേഹത്തിന്റെ സ്ഥാനം.
സഞ്ജു സാംസൺ
ധോണിയുടെ റിഫ്ളക്സുകൾക്കൊന്നും ഇപ്പോഴും ഒരു വേഗക്കുറവും സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടരാൻ കഴിഞ്ഞാൽ ഇന്ത്യൻ ടീമിന് ഏറെ പ്രയോജനം ചെയ്യും. എപ്പോൾ വിരമിക്കണമെന്ന് അദ്ദേഹത്തോട് ആരും നിർദേശിക്കേണ്ട കാര്യമില്ല. തനിക്കും ടീമിനും ഏറ്റവും നല്ലത് എന്തെന്ന് മറ്റാരെക്കാലും നന്നായി തിരിച്ചറിയാൻ ധോണിക്ക് കഴിയും. നല്ല രീതിയിൽ കളിക്കാൻ കഴിയുന്നിടത്തോളം ധോണി തുടരണം
മുഹമ്മദ് അസ്ഹറുദ്ദീൻ
മരിക്കാൻ നേരത്ത് എന്താണ് ആഗ്രഹം എന്ന് എന്നോട് ചോദിച്ചാൽ, 2011 ലോകകപ്പ് ഫൈനലിലെ ധോണിയുടെ ബാറ്റിംഗ് ഒന്നുകൂടി കാണാമെന്നായിരിക്കും ഞാൻ പറയുക.
സുനിൽ ഗാവസ്കർ