തിരുവനന്തപുരം: രാത്രിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തലസ്ഥാനത്തെ ജനങ്ങളെ വല്ലാതെ വലച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപനം വന്നത്. ഹോട്ടലുകളടക്കമുള്ള കടകളെല്ലാം തിങ്കളാഴ്ച മുതൽ അടച്ചിടാനായിരുന്നു നിർദ്ദേശം. മെഡിക്കൽ സ്റ്റോറുകളിലേക്ക് പോകാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അവശ്യ സാധനങ്ങൾ പൊലീസിന്റേയും സന്നദ്ധ പ്രവർത്തകരുടേയും സഹായത്തോടെ വീടുകളിലെത്തിച്ച് നൽകുമെന്നറിയിച്ച് നാല് ഫോൺ നമ്പരുകളും നൽകിയിരുന്നു. എന്നാൽ ഈ നമ്പരുകളെല്ലാം ഓഫായിരുന്നു.പെട്ടെന്നുള്ള തീരുമാനമായതിനാൽ വിതരണത്തിന് വേണ്ട സൗകര്യമൊരുക്കാൻ ജില്ലാഭരണകൂടത്തിലും പൊലീസിനുമായില്ല. ഓൺലൈൻ ഭക്ഷണ വിതരണത്തിനും പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല. ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിച്ചിരുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും വട്ടം ചുറ്റി
ലോഡ്ജുകളിലും മറ്റും താമസിച്ച് ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരടക്കമുള്ളർക്ക് ഭക്ഷണം കിട്ടാത്ത സ്ഥിതിയായി. യാത്രകൾക്ക് നിയന്ത്രണമുള്ളതിനാൽ നഗരത്തിന് പുറത്തേക്ക് പോകാനും കഴിഞ്ഞില്ല.
തിങ്കളാഴ്ച നഗരത്തിനുള്ളിലെ സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചെങ്കിലും ജില്ലയിലെ മറ്റ് കോളേജുകളിൽ പോയി പരീക്ഷയെഴുതേണ്ടവർ ബുദ്ധിമുട്ടിലായി. പലർക്കും പരീക്ഷയെഴുതാനായില്ല.
ആശുപത്രികളിൽ നിന്നടക്കം രാത്രി ഡ്യൂട്ടികഴിഞ്ഞ് പോയവർക്കും നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ ആദ്യ ദിവസമായതിനാൽ യാത്രക്കാർക്ക് ഇളവുകൾ നൽകിയെന്ന് ഡി.സി.പി ദിവ്യ വി. ഗോപിനാഥ് പറഞ്ഞു.
അതേസമയം മെഡിക്കൽ സ്റ്റോർ ജീവനക്കാർ അടക്കമുള്ളവരെ പൊലീസ് തടഞ്ഞ് തിരച്ചയച്ചുവെന്ന് പരാതിയുണ്ട്. എന്നാൽ ഇവരിൽ പലർക്കും തിരച്ചറിയൽ കാർഡുകളുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മിൽമ ജീവനക്കാരെയും തടഞ്ഞു.