കോട്ടയം : കൊവിഡ് സമൂഹവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ബ്രേക്ക് ദി ചെയിൻ ഡയറിയുമായി പാമ്പാടി - വെള്ളൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്സ്. പാമ്പാടിയിലെയും സമീപ പഞ്ചായത്തുകളിലെയും വ്യാപാരികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർക്കുമാണ് ഡയറി നൽകിയത്. കടയിൽ എത്തുന്നവരുടെയും വാഹനങ്ങളിൽ കയറുന്നവരുടെയും വിവരങ്ങൾ നമ്പറും എഴുതി സൂക്ഷിക്കുന്നതിനായാണ് ഡയറി. പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം ഡയറികളാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ബ്രേക്ക് ദി ചെയിൻ ഡയറിയുടെ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടിക്ക് നൽകി നിർവഹിച്ചു. പ്രിൻസിപ്പൾ രതീഷ് ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് ഗ്രാമറ്റം, പഞ്ചായത്തംഗം ഏലിയാമ്മ അനിൽ, പി.ടി.എ പ്രസിഡന്റ് രംഗനാഥൻ കെ.പി, എൻ.എസ്.എസ് പ്രോഗ്രാം ആഫീസർ മനോജ് കുമാർ, അദ്ധ്യാപകൻ നൗഷാദ് കെ.പി, വോളന്റിയേഴ്സായ ജിബിൻ തോമസ്, രാജേഷ് രാമൻ എന്നിവർ പ്രസംഗിച്ചു.