SignIn
Kerala Kaumudi Online
Wednesday, 12 August 2020 6.49 PM IST

അന്ധതയിൽ വാർത്തകളുടെ പ്രകാശമായി 'കാഴ്ച' ; കാഴ്‌ചപരിമിതർക്കായുള്ള കേരളകൗമുദി ആപ്പ് മോഹൻലാൽ പ്രകാശനം ചെയ്തു

kazcha-

കാഴ്‌ചപരിമിതർക്കായി പ്രത്യേക ഓഡിയോ ന്യൂസ് റൂം ലോകത്ത് ആദ്യം

തിരുവനന്തപുരം: അന്ധതയുടെ ഇരുട്ടു പടർന്ന മിഴികൾക്ക് വാർത്തയുടെ വെളിച്ചമായി കേരള കൗമുദി വികസിപ്പിച്ച കാഴ്‌ച- മൊബൈൽ ആപ്പിന് പ്രിയനടൻ മോഹൻലാലിന്റെ ശബ്‌ദത്തിൽ ധന്യപ്രകാശനം. കാഴ്ച‌പരിമിതർക്ക് സമ്പൂർണ വാർത്തകളുടെ ശ്രവ്യരൂപത്തിലൂടെ വായനയുടെ പ്രകാശലോകം തുറന്നാണ് ചെന്നൈയിലെ വീട്ടിൽ മോഹൻലാൽ കേരളകൗമുദി 'കാഴ്ച' ആപ്പിന്റെ പ്രകാശനം നിർവഹിച്ചത്. കൊവിഡ് ലോക്ക്ഡൗൺ കാരണം ഔപചാരിക ചടങ്ങ് ഒഴിവാക്കി,​ 'കാഴ്ച' ആപ്പിനും കേരളകൗമുദിക്കും ആശംസകൾ നേർന്ന് മലയാളത്തിന്റെ സ്വന്തം ലാൽ വാർത്താമാദ്ധ്യമ രംഗത്ത് പുതിയൊരു അദ്ധ്യായത്തിന് ശബ്‌ദത്തുടക്കം നൽകുകയായിരുന്നു.

പുറംകണ്ണിൽ കാഴ്ചയില്ലാത്തവർക്ക് അവരുടെ അകക്കണ്ണു തുറക്കുന്നതാണ് കേരളകൗമുദിയുടെ 'കാഴ്ച' എന്ന് പ്രകാശന സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞു. പൂർണ അന്ധർക്കും കാഴ്‌ചപരിമിതർക്കുമായി രൂപകല്‌പന ചെയ്യപ്പെട്ട, ലോകത്തെ തന്നെ ആദ്യ ദ്വിഭാഷാ ന്യൂസ് റൂം ആണ് 'കാഴ്ച.' ആൻഡ്രോയ്ഡ് മൊബൈലുകളിലെ ടോക് ബാക്ക് സംവിധാനം വഴി നിർദ്ദേശങ്ങൾ കേട്ട് അനായാസം ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപക‌ല്‌പന. കേരളകൗമുദി ദിനപത്രത്തിലെ മുഴുവൻ വാർത്തകളും മാത്രമല്ല,​ കേരളകൗമുദി ഇ- പേപ്പറിലെ പ്രത്യേക പേജുകളിലെ വാർത്തകളുടെ കൂടി ശ്രവ്യരൂപം 'കാഴ്ച' പകർന്നു നൽകും.

പത്രവായനയുടെ ലോകം സ്വപ്നം മാത്രമായിരുന്നവർക്ക് ഓരോ പേജ് ആയി വായിച്ചുകേട്ട് സമ്പൂർണ വായനാനുഭവം നുകരാമെന്നതിനു പുറമെ,​ രാഷ്‌ട്രീയം,​ സിനിമ,​ സ്‌പോർട്സ്,​ ഫീച്ചർ തുടങ്ങി ഇഷ്‌ടവിഷയങ്ങൾ മാത്രമായി തിരഞ്ഞെടുക്കുകയും ചെയ്യാം. ശ്രവ്യഭാഷയായി മലയാളമോ ഇംഗ്ളീഷോ തിരഞ്ഞെടുക്കാം. ഇഷ്ട വാർത്തകളോ ഫീച്ചറുകളോ സമൂഹമാദ്ധ്യമം വഴി ഷെയർ ചെയ്യാനും സൗകര്യമുണ്ട്.

ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് 'കാഴ്ച' ആപ്പ് ഡൗൺലോഡ് ചെയ്‌ത് ലോകത്തെവിടെയിരുന്നും വാർത്തകളുടെ പ്രകാശലോകത്തേക്ക് ചുവടുവയ്‌ക്കാം. ആപ്പ് വഴിയല്ലാതെ,​ കാഴ്‌ചപരിമിതർക്കായുള്ള കേരളകൗമുദിയുടെ പ്രത്യേക വെബ് പേജ് ആയ keralakaumudi.com/kazhcha-യിലൂടെയും സമ്പൂർണ വാർത്തകളുടെ ശ്രവ്യരൂപം ലഭ്യമാണ്.

അകക്കണ്ണ് തെളിക്കുന്ന കാഴ്‌ച

മോഹൻലാലിന്റെ സന്ദേശം

കാഴ്ചയില്ലാത്തവർക്ക് പത്രവായന അസാദ്ധ്യമായ ഒരു കാര്യമായിരുന്നു. എന്നാൽ കേരളകൗമുദി അവർക്കു മുന്നിൽ വാർത്തകളുടെ സമ്പൂർണ വായനാലോകം തുറക്കുകയാണ്. ഇത് സന്തോഷകരമായ വാർത്തയാണ്. കേരളകൗമുദി 'കാഴ്ച' എന്ന പേരിൽ തയ്യാറാക്കിയ ആപ്പ് പത്രത്തിലെ മുഴുവൻ വാർത്തകളുടെയും ഒാഡിയോ എഡിഷനാണ്. കാഴ്ച എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ആപ്പിലൂടെൻ​ പൂർണമായി കാഴ്ച നഷ്ടപ്പെട്ടവർക്കും കാഴ്ചപരിമിതർക്കും വാർത്തകൾ ശബ്ദമായി മാറാൻ പോവുകയാണ്. ഇന്ത്യയിൽ ഇതാദ്യമായിട്ടാണ് ഈ ഒരു സംരംഭം. ലോകത്തുതന്നെ ചിലപ്പോൾ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു സംവിധാനവുമായി ഒരു മാദ്ധ്യമസ്ഥാപനം മുന്നോട്ടു വരുന്നത്. അത് ഞാൻ വളർന്ന തലസ്ഥാനനഗരത്തിന്റെ വികാരവും ശീലവുമായ കേരളകൗമുദി ആയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 109 വർഷങ്ങൾ പിന്നിട്ട കേരളകൗമുദിയുടെ പരമ്പരയിലൂടെ ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചതിന് കേരളകൗമുദിയെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും ഞാൻ അഭിനന്ദിക്കുന്നു. പുറംകണ്ണു കൊണ്ട് കാഴ്ചയില്ലാത്തവർക്ക് അവരുടെ അകക്കണ്ണു തുറക്കുന്ന കേരളകൗമുദിയുടെ ' കാഴ്ച' എന്ന ആപ്പ് വലിയ ആഹ്ളാദവും ആവേശവുമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALAKAUMUDI KAZHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.