തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് സ്വപ്നയുടെ അഭിഭാഷകനായ രാജേഷ് കുമാർ പറഞ്ഞു. സ്വപ്ന കീഴടങ്ങുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അവർ എന്ത് രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്ന് അറിയില്ലെന്നും രാജേഷ് കുമാർ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയെ പറ്റി അറിയില്ലെന്നാണ് അഭിഭാഷകന്റെ പ്രതികരണം.
സ്വർണകടത്ത് കേസ് എൻ.ഐ.എയ്ക്ക് വിട്ടതായി ഇന്നലെ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. എൻ.ഐ.എ ഇതനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ അഭിഭാഷകൻ രവിപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് എൻ.ഐ.എ ഏറ്റെടുത്തതിനാൽ കേസ് ഹൈക്കോടതിയിലല്ല എൻ.ഐ.എ കോടതിയിലാണ് പരിഗണിക്കേണ്ടതെന്നാണ് കേന്ദ്ര നിലപാട്.