പ്രവേശനം പ്ളസ് ടു മാർക്ക് പരിഗണിച്ച്
ചെന്നൈ: കൊവിഡ് - 19 ഭീതി ആശങ്കാജനകമായി ഉയർന്ന പശ്ചാത്തലത്തിൽ ഈവർഷത്തെ വി.ഐ.ടി എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ (വി.ഐ.ടി.ഇ.ഇ.ഇ-2020) റദ്ദാക്കിയെന്ന് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) വ്യക്തമാക്കി. പ്ളസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള കോഴ്സിന്റെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി മാർക്ക് പരിഗണിച്ച് ഇക്കുറി പ്രവേശനം നടത്തും.
ജെ.ഇ.ഇ (മെയിൻ) പരീക്ഷയിൽ മികച്ച സ്കോർ നേടിയവർക്ക് മുൻഗണനയുണ്ടാകും. വെല്ലൂർ, ചെന്നൈ, അമരാവതി (ആന്ധ്രപ്രദേശ്), ഭോപാൽ (മദ്ധ്യപ്രദേശ്) കാമ്പസുകളിലെ വിവിധ എൻജിനിയറിംഗ് കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ളസ് ടു/തത്തുല്യ കോഴ്സിന്റെ മാർക്കും ജെ.ഇ.ഇ (മെയിൻ) സ്കോറും സമർപ്പിക്കാനുള്ള ഓപ്ഷൻ നേരത്തേ https://vit.ac.in/ൽ ലഭ്യമാക്കിയിരുന്നു. അപേക്ഷകർ ഉടൻ മാർക്കുകൾ അപ്ഡേറ്റ് ചെയ്യണം. വിവരങ്ങൾക്ക് ഫോൺ : 1800-102-0536, വാട്സ്ആപ്പ് : 9566656755, ഇ-മെയിൽ : ugadmission@vit.ac.in