ശ്രീകൃഷ്ണപുരം: ജന്മനാ അന്ധയായ മണ്ണമ്പറ്റ മുറിച്ചിറ വീട്ടിൽ ശില്പ രവിചന്ദ്രൻ പ്ളസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ താരമായി. ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ കൊമേഴ്സ് വിദ്യാർത്ഥിയാണ്. സംസ്ഥാനത്ത് തന്നെ അപൂർവമായാണ് കാഴ്ച പരിമിതിയുള്ള കുട്ടികൾ ഈ വിഭാഗം തിരഞ്ഞെടുക്കുന്നത്. അതിൽ തന്നെ ആദ്യമായാണ് കാഴ്ചയില്ലാത്ത ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നത്.
രക്ഷിതാക്കളും സഹപാഠികളും അദ്ധ്യാപകരും എല്ലാവിധ പ്രോത്സാഹനവും നൽകിയതിന്റെ ഫലമാണ് ഈ വിജയമെന്ന് ശില്പ പറഞ്ഞു. ലാപ്ടോപ്പ് അടക്കമുള്ള പഠന സഹായം നൽകി ബ്ലോക്ക് പഞ്ചായത്ത് കൂടെ നിന്നു. കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിലാണ് ഏഴാംതരം വരെ ഈ മിടുക്കി പഠിച്ചത്. പത്താംതരത്തിൽ ഒമ്പത് എ പ്ലസ് നേടിയിരുന്നു. കൂലിത്തൊഴിലാളിയായ രവിചന്ദ്രന്റെയും വസന്തകുമാരിയുടെയും മകളാണ്. സഹോദരൻ ഐ.ടി.ഐ വിദ്യാർത്ഥി ശശികുമാർ.