തിരുവനന്തപുരം: രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. നിയന്ത്രിത മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തലസ്ഥാനത്ത് പുതിയ നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു. കരിങ്കുളം, കഠിനംകുളം, ചിറയിൻകീഴ് പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൂടാതെ പൗഡിക്കോണവും, ഞണ്ടൂർക്കോണവും നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നലെ 722 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 481 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 4653 പേരാണ് വൈറസ് ബാധിതരായത്.