അപകടം അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ
ആലപ്പുഴ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ പച്ച കൈതമുക്ക് ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. തലവടി പഞ്ചായത്ത് ജംഗ്ഷനിൽ സാഗർ സ്റ്റുഡിയോ ഉടമ തലവടി നടുവിലേമുറി തണ്ണൂവേലിൽ സുനിൽ-അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എം.പണിക്കർ (22), നിമൽ എം.പണിക്കർ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.40 നായിരുന്നു അപകടം.
അമ്പലപ്പുഴയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് വരുമ്പോഴാണ് മിഥുൻ ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ പൂർണമായും ചെളിയിൽ പൂണ്ടു. ഓടിയെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് വാഹനം കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ആദ്യശ്രമം പരാജയപ്പെട്ടു. സ്ഥലത്തെത്തിയ എടത്വ പൊലീസും തകഴിയിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം ജെ.സി.ബിയുടെ സഹായത്തോടെയാണ് കരയ്ക്കെത്തിച്ചത്. ജെ.സി.ബി ഉപയോഗിച്ച് കാറിന്റെ മുകൾ ഭാഗം വെട്ടിപ്പൊളിച്ച് ഇരുവരേയും പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു.
അപകടത്തെ തുടർന്ന് തിരുവല്ല - അമ്പലപ്പുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. ചതുപ്പിലുണ്ടായിരുന്ന അറവ് മാലിന്യം രക്ഷാപ്രവർത്തനത്തിനിടെ രൂക്ഷമായ ദുർഗന്ധമുണ്ടാക്കി. കാർ കയറ്റുന്നതിനിടെ മാലിന്യങ്ങളും റോഡിൽ നിരന്നു. ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്ത് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
മിഥുൻ ചെന്നൈയിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. നിമൽ നീരേറ്റുപുറം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ളാസ് കഴിഞ്ഞ് പ്ളസ് വൺ കോഴ്സിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. മിഥുന് ഡ്രൈവിംഗ് ലൈസൻസുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനാ ഫലം അറിഞ്ഞശേഷമായിരിക്കും പോസ്റ്റുമോർട്ടം നടക്കുകയെന്ന് എടത്വ പൊലീസ് അറിയിച്ചു. സി.ഐ എസ്. ദ്വിജേഷ്, എസ്.ഐ സിസിൽ ക്രിസ്റ്റിൻ രാജ്, ഫയർഫോഴ്സ് ഓഫീസർ വി.എ. സാബു എന്നിവർ നേതൃത്വം നൽകി. എടത്വ പൊലീസ് കേസ് എടുത്തു.