കൊച്ചി: കാത്തു നിന്നവർക്ക് ഭയപ്പാട്. വാതിലുകളെല്ലാം കൊട്ടിയടക്കുന്നു. പ്രളയകാലത്ത് കേരള ജനതയ്ക്ക് രക്ഷകരായ കേരളത്തിന്റെ സ്വന്തം സേന എന്ന് വിശേഷിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ കൊവിഡ് വാഹകരെന്ന് ചിലരെങ്കിലും വിളിച്ചതിന്റെ വേദന.
മത്സ്യബന്ധനത്തിനും മത്സ്യവ്യാപാരത്തിനും പൂട്ടു വീണത്തോടെ പകച്ചു നിൽക്കുകയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളി സ്ത്രീകൾ.
വഴിയരികിലും, വീടുകൾ കയറിയിറങ്ങിയുമായിരുന്നു ഇവരുടെ പ്രധാന കച്ചവടം. വീടുകളിലെത്തിച്ചും വഴിയോരത്തും മത്സ്യവില്പന സർക്കാർ വിലക്കിയതോടെയാണ് ഇവർ പ്രതിസന്ധിയിലായത്.
വഴികൾ അടയുന്നു
കൊവിഡ് ഭീതി ശക്തമായത്തോടെ ആളുകൾ കൂട്ടും കൂടുന്നത് ഒഴിവാക്കാൻ ടോക്കൺ നൽകിയായിരുന്നു മത്സ്യകച്ചവടം. പിന്നാലെ ഹാർബറുകളും മാർക്കറ്റുകളും മത്സ്യ സ്റ്റാളുകളുമെല്ലാം അടച്ചു. ഇതോടെ ചെറുകിട കച്ചവടക്കാരായ സ്ത്രീകൾക്ക് മീൻ കിട്ടാത്ത അവസ്ഥയായി. ദിനംപ്രതി കുറഞ്ഞത് 500 രൂപ ഇവർ മിച്ചം പിടിച്ചിരുന്നു. കുട്ടികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ചത് ഇവരെ കൂടുതൽ കടക്കെണിയിലാക്കി.
നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നാലും സുരക്ഷിതമായി കച്ചവടം നടത്താൻ സാധിക്കുമോ എന്ന സംശയം ഇവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു.
നേരിടുന്ന പ്രശ്നങ്ങൾ
വീടുകളിലെ കച്ചവടം നിലച്ചു
മാർക്കറ്റുകൾ അടച്ചതിനാൽ മത്സ്യം ലഭിക്കുന്നില്ല
സ്വയം സുരക്ഷ പര്യാപ്തമല്ല
മറ്റു ജോലികൾ ലഭിക്കുന്നില്ല
സർക്കാർ സഹായം ലഭിക്കുന്നില്ല
'ദിവസവും 30 ൽ കൂടുതൽ വീടുകളിൽ കയറിയിറങ്ങിയായിരുന്നു കച്ചവടം. കൊവിഡ് ഭീതി മൂലം ആരും വീടുകളിൽ കയറ്റുന്നില്ല. സുരക്ഷിതമല്ലാത്തതിനാൽ എല്ലാ വീടുകളിലും കയറിയിറങ്ങാനും പേടിയാണ്.'
ബേബി ധർമ്മജൻ
മത്സ്യ വ്യാപാരി
'കൊവിഡ് ഭീതിയിൽ ദുരിതത്തിലായത് വീടുകളിൽ വില്പന നടത്തിയിരുന്ന സ്ത്രീകളാണ്. ഇവരിൽ 50 വയസിന് മുകളിൽ പ്രായമുള്ളവരും ഉണ്ട്. ഇവർക്ക് ഇവരുടെ തൊഴിലെടുക്കാനോ മറ്റു തൊഴിൽ നേടാനോ സാധിക്കുന്നില്ല.'
പ്രസാദ് വി.എസ്
മത്സ്യ വ്യാപാരി