കോട്ടയം : ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ ഇനിയും അനുമതി ലഭിക്കാത്തതിനെ തുടർന്ന് 4 മാസമായി വരുമാന മാർഗങ്ങളടഞ്ഞ് ഉടമകളും തൊഴിലാളികളും. മറ്റു പല സ്ഥാപനങ്ങൾക്കും ഇളവുകൾ നൽകിയ പോലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിംഗ് സ്കൂളുകളും തുറക്കാൻ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
മാർച്ച് 12ന് തന്നെ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിരുന്നു. കഷ്ടത്തിലാണ് ഡ്രൈവിംഗ് സ്കൂൾ ആശാന്മാർ. ഡ്രൈവിംഗ് പരിശീലനം പൂർണമായും ബ്രേക്ക് ഡൗണായി. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ട അവധിക്കാലം നഷ്ടമായി. ലോക്ക് ഡൗണിന് ശേഷവും സ്ഥാപനം തുറക്കാൻ കഴിയാത്തതിനാൽ ഇനിയെന്തെന്ന ചിന്തയിലാണ് ഉടമകളും ജീവനക്കാരും. വണ്ടികളുടെ സി.സി, നികുതി, ഓഫീസ് കെട്ടിട വാടക, തുടങ്ങിയ ചെലവുകൾക്ക് പോലും കൈയിൽ നിന്നെടുക്കണം. ആദ്യമാസങ്ങളിൽ ശമ്പളം കൊടുത്തിരുന്നെങ്കിലും ജീവനക്കാർ പലരും മറ്റ് മേഖലകളിലേയ്ക്ക് നീങ്ങി. ചിലർ വാടകയ്ക്ക് വണ്ടി ഓടിക്കാൻ പോകുന്നു. സ്കൂട്ടറുകളും കാറുകളുമെല്ലാം വെറുതെ കിടന്ന് തുരുമ്പെടുക്കുകയാണ്. നാഗമ്പടം നഗരസഭാ ഗ്രൗണ്ടിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്ന ഭാഗം കാടുവളർന്നു.
ജീവനക്കാർ 1000 ജീവനക്കാർ
400 ഡ്രൈവിംഗ് സ്കൂളുകൾ
ജില്ലയിൽ നാനൂറ് ഡ്രൈവിംഗ് സ്കൂളുകളിലായി ആയിരത്തോളം ജീവനക്കാർ ഉപജീവനം തേടുന്നുണ്ട്. ഇവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. ഇനി അനുമതി ലഭിച്ചാലും ബാറ്ററിയും ടയറും മറ്റും പോയ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്താതെ റോഡിലിറക്കാനാവില്ല. ക്ഷേമനിധിയും മറ്റും ഇല്ലാത്തതിനാൽ പ്രത്യേക സാമ്പത്തിക സഹായമൊന്നും തൊഴിലാളികൾക്ക് ലഭിച്ചില്ലെന്ന് ജില്ലയിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു.
ലൈസൻസിനും ഇൻഷുറൻസിനുമായി വലിയ തുക ചെലവിട്ടിട്ട് സ്ഥാപനം പ്രവർത്തിക്കാതിരിക്കുന്നതിലെ വിഷമവും അവർ പങ്കുവയ്ക്കുന്നു.
'' മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിംഗ് പരിശീലനം നടത്തണം. നിലവിൽ ലേണേഴ്സ് ലൈസൻസുള്ളവരുടെ ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കാനെങ്കിലും മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കണം ''
വി.എസ് ഓമനക്കുട്ടൻ, (ജില്ലാ പ്രസിഡന്റ്,
ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ )