ഇടയ്ക്കിടെയുള്ള ലോക്ക്ഡൗൺ കൊണ്ടും കൊവിഡ് കാരണമുള്ള പൊതുവായ മാന്ദ്യം കൊണ്ടും നമ്മൾ പരിചയിച്ച ജീവിതം ഇന്ന് അന്യമായിരിക്കുകയാണ്. അതൊരു നല്ല കാലത്തിന്റെ ഓർമയായി വിദൂരത്തിലേക്കു പോകുന്നു. രോഗവ്യാപനം നിയന്ത്രണാധീനമാകുമെന്നും അധികം വൈകാതെ വാക്സിൻ ലഭ്യമാവുമെന്നും ജീവിതം സാവധാനം സാധാരണനിലയിലേക്കു മടങ്ങുമെന്നുമൊക്കെയുള്ള പ്രത്യാശയിലാണ് നമ്മളിൽ പലരും ജീവിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികൾ ഒരിക്കലും ശാശ്വതമല്ല. അവ കടന്നു പോവുക തന്നെ ചെയ്യും. ടാഗോർ ഒരു കവിതയിൽ പറയുന്നുണ്ട്, 'രാത്രി അതിന്റെ ഹൃദയത്തിൽ പ്രഭാതത്തെ ഒളിപ്പിച്ചു വച്ചിരിക്കുന്നു' എന്ന്. ആ വിശ്വാസമാണ് ജീവിതത്തിലെ തിരിച്ചടികളെയും സങ്കടങ്ങളെയും നേരിടാൻ ധൈര്യം നൽകുന്നത്.
എന്നാൽ ഇതിനു സാധിക്കാതെ പോകുന്നവരുണ്ട്. അവർക്ക് ഇരുട്ടിനപ്പുറമുള്ള വെളിച്ചത്തിനെക്കുറിച്ചു വിശ്വാസമില്ല. ഇപ്പോഴത്തെ ഇരുട്ടിൽ എന്ത് ചെയ്യുമെന്ന ആധിയും പ്രതീക്ഷയില്ലായ്മയും നിരാശയും നിസ്സഹായതയുമെല്ലാം കൂടിക്കലർന്ന മാനസികാവസ്ഥയിൽ ചിലർ മദ്യത്തിന് അടിമയാകുന്നു, മറ്റു ചിലരുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങളുണ്ടാകുന്നു, ചിലർ വിഷാദരോഗികളാവാകുന്നു, ഒരു ന്യൂനപക്ഷം സ്വയംഹത്യയുടെ മാർഗം തിരഞ്ഞെടുക്കുന്നു. ആതുരതയുടെ ഈ കാലയളവിൽ കുട്ടികൾക്കിടയിലുള്ള ആത്മഹത്യകൾ പെരുകുന്നതാണ് ഇപ്പോൾ സമൂഹത്തെ അലട്ടുന്ന പ്രശ്നം. ഈ വർഷം മാർച്ച് മുതൽ ജൂലായ് വരെ 35 രോഗികൾ കൊവിഡ് കൊണ്ട് മരിച്ചപ്പോൾ 70 കുട്ടികൾ കേരളത്തിൽ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ഇരട്ടി!
ഈ പ്രതിഭാസത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വിശദപഠനത്തിനു സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ചൈൽഡ് സൈക്കോളജിസ്റ്റുകളുടെയും മറ്റ് വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടെ എല്ലാ ആശയങ്ങളും കണക്കിലെടുത്ത് സമിതി ഉചിതമായ നിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് സമർപ്പിക്കട്ടെ.
കുട്ടികൾ ആത്മഹത്യ ചെയ്യുന്ന അത്യന്തം സങ്കടകരമായ അവസ്ഥ ഉണ്ടാകാതിരിക്കണമെങ്കിൽ രക്ഷിതാക്കൾ തന്നെ ആത്മപരിശോധന നടത്തണം, മുതിർന്നവർക്കുള്ള ലോക ബോധമോ അനുഭവങ്ങളോ കുട്ടികൾക്കില്ല. ഒരു കുട്ടി തന്റെ ജീവിതത്തെയും സമൂഹത്തെയും കാണുന്നത് വീടെന്ന ചില്ലുജാലകത്തിലൂടെയാണ്. ആ ചില്ലിന് ആഹ്ലാദത്തിന്റെ നിറമാണെങ്കിൽ കുട്ടിയുടെ ജീവിതത്തിലും ജീവിത വീക്ഷണത്തിലും ആഹ്ലാദമുണ്ടായിരിക്കും. ആ ചില്ലിൽ വഴക്കിന്റെയും വയലൻസിന്റെയും അസന്തുഷ്ടിയുടെയും പരസ്പര വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കുറ്റപ്പെടുത്തലിന്റെയും അഴുക്കു പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ കുട്ടിയുടെ ലോകം ഇരുണ്ടിരിക്കും. ഒരു കുട്ടിയുടെ മാനസികനില നിർണയിക്കുന്നതിൽ ഗൃഹാന്തരീക്ഷത്തിന് തന്നെയാണ് ഏറ്റവും വലിയ പ്രധാന്യം. വീട്ടിനു പുറത്തുള്ള പ്രശ്നമാണെങ്കിൽ പോലും അത് കൈകാര്യം ചെയ്യുന്നതിൽ വീട്ടിനുള്ളിൽ നിന്നുണ്ടായ പ്രതികരണമാണ് നിർണായകം.
പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതോ, മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതോ വൈകാരികമായ ഒരു പ്രശ്നത്തിൽ ഇടപെട്ടതോ അല്ല കുട്ടികളെ മാനസികമായ ശൂന്യതയിലേക്കും നിസഹായതയിലേക്കും നയിക്കുന്നത്. അത് വീട്ടിനുള്ളിൽ കൈകാര്യം ചെയ്ത രീതിയാണ് മുഖ്യഘടകം. പ്രതീക്ഷിച്ച മാർക്ക് കിട്ടാതെ പോയ എല്ലാ കുട്ടികളും ഈ കടുംകൈയ്ക്ക് തുനിയുന്നില്ലല്ലോ. വൈകാരിക ഘടനയിലുള്ള വ്യത്യാസങ്ങളുണ്ട്. എന്ത് വന്നാലും കുലുങ്ങാത്ത കുട്ടികളും ഒന്നുമില്ലെങ്കിലും തളർന്നു പോകുന്നവരുമുണ്ട്. തന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞു പിൻബലം കൊടുക്കുന്ന കുടുംബാന്തരീക്ഷമാണ് ഓരോ കുട്ടിയും ആഗ്രഹിക്കുന്നത്. കുട്ടിയെ വിശ്വസിക്കുന്ന വീട്; വീടിനെ വിശ്വസിക്കുന്ന കുട്ടി. അതാണ് ആരോഗ്യകരമായ ബന്ധം. പക്ഷെ തനിക്കു വീട്ടിലുള്ളവരോട് ഒന്നും പങ്കുവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ കുട്ടി എന്ത് ചെയ്യും? ഗൃഹാന്തരീക്ഷത്തിൽ താൻ ഒറ്റപ്പെടുകയാണെന്നും തന്നെ ആരും വിശ്വസിക്കുന്നില്ലെന്നും മനസ്സിലാക്കുന്നില്ലെന്നും ഈ കാരാഗൃഹത്തിൽ നിന്ന് ഒരു രക്ഷയുമില്ലല്ലോ എന്നുമുള്ള മാനസികാവസ്ഥ തങ്ങളുടെ കുഞ്ഞിന് ഉണ്ടാവുന്നില്ലെന്നു ഉറപ്പു വരുത്താൻ മാതാപിതാക്കൾക്ക് ബാധ്യതയുണ്ട്.
ഇവിടെയാണ് പ്രശ്നം. കുട്ടിയുടെ പ്രശ്നത്തെക്കാൾ മുതിർന്നവർക്ക് അവരുടെ പ്രശ്നങ്ങളാണ് വലുത്. അച്ഛന്റെ ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ കുട്ടിയുടെ ഓരോ നിർബന്ധങ്ങൾക്കു ചെവികൊടുക്കാൻ എങ്ങനെ കഴിയും? മദ്യപാനിയായ പിതാവിന് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. വീട്ടുകാര്യം കഷ്ടിച്ച് തള്ളി നീക്കുന്ന അമ്മയ്ക്കുമില്ല സമയം. വഴക്കിടുന്ന ദമ്പതിമാർക്ക് അവരുടെ ദുഃഖങ്ങളും കുറ്റപ്പെടത്തലുകളുമാണ് പരമപ്രധാനം. വരുമാനം കുറഞ്ഞ വീടുകളിലേയും പണം ധാരാളമായിപ്പോയ വീടുകളിലേയും കുട്ടികളുടെ അവസ്ഥ ഏതാണ്ട് സമാനമാണ്. രണ്ടിടത്തും അവഗണന മാത്രം. കുട്ടിക്ക് വേണ്ടി നീക്കി വയ്ക്കാൻ സമയമില്ല. കുട്ടിയുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ ഒരുക്കമല്ല. ചില മൂഢവിശ്വാസങ്ങളിൽ നിന്നാണ് ഇത്തരം വികല പ്രതികരണങ്ങൾ ഉടലെടുക്കുന്നത്. 'ഈ പിള്ളേർക്ക് എന്ത് പ്രശ്നം; നമുക്ക് (മുതിർന്നവർക്ക്) വലിയ പ്രശ്നങ്ങൾ നേരിടാനുള്ളപ്പോൾ!'
കുട്ടിക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിച്ചു കൊടുക്കാനുള്ള കഴിവുകേടാണ് ഏറ്റവും വലിയ അപകടഹേതു. കുട്ടിയുടെ ലോകം ചെറുതാണ്. ആ ചെറിയ ലോകത്തിലെ പ്രശ്നങ്ങൾ വലിയ ലോകം കണ്ട നമുക്ക് നിസാരമായിരിക്കാം. പക്ഷേ ഈ വീമ്പു പറഞ്ഞു കുട്ടിയുടെ സങ്കടങ്ങളെയും ആശങ്കകളെയും നിസാരവത്കരിക്കാതിരിക്കാം. നമ്മുടെ മക്കൾക്കു അവരുടേതായ പ്രശ്നങ്ങളുണ്ടായിരിക്കാൻ അവകാശമുണ്ടെന്നും, അവ കേൾക്കുന്നതിനുള്ള ക്ഷമ മാതാപിതാക്കളിൽ നിന്ന് കുഞ്ഞുങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ആത്മഹത്യ ചെയ്ത കുട്ടികൾ അശരീരികളായി അനന്തതയിൽ നിന്ന് നമ്മളോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.