തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും മൂലം സാമ്പത്തിക ഞെരുക്കത്തിലായ എം.എസ്.എം.ഇകൾക്ക് മൂലധനം ഉറപ്പാക്കാൻ കേന്ദ്രം പ്രഖ്യാപിച്ച 100 ശതമാനം ഈടുരഹിത വായ്പാ ഇനത്തിൽ കേരളത്തിൽ ഇതുവരെ അനുവദിച്ചത് 4,276 കോടി രൂപ. ഇതിൽ 3,278 കോടി രൂപ ഇതിനകം വിതരണം ചെയ്തുവെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്ക് വ്യക്തമാക്കി.
1.10 ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരാണ് (എം.എസ്.എം.ഇ) കേരളത്തിലുള്ളത്. വ്യാപാരം, ഉത്പാദനം, എൻജിനിയറിംഗ് മേഖലകളിലാണ് കൂടുതൽ സംരംഭകരുള്ളത്. ഉത്പാദന മേഖലയിൽ ഭക്ഷ്യസംസ്കരണം, ഗാർമെന്റ്സ് വിഭാഗങ്ങളിലാണ് കൂടുതൽ സംരംഭങ്ങൾ. കേരളത്തിലെ വായ്പാ വിതരണം വൈകാതെ 10,000 കോടി രൂപയിൽ എത്തിക്കാനാകുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ.
വായ്പയും
ചട്ടവും
സംരംഭകൻ ബാങ്കുകളിൽ ഇനി തിരിച്ചടയ്ക്കാൻ ബാക്കിയുള്ള വായ്പാത്തുകയുടെ 20 ശതമാനമാണ് കേന്ദ്രം പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി സ്കീമിലൂടെ (ഇ.സി.എൽ.ജി.എസ്) അനുവദിക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്പ. നാലുവർഷമാണ് തിരിച്ചടവ് കാലാവധി. പലിശ 9.25 ശതമാനം.
₹3 ലക്ഷം കോടി
എം.എസ്.എം.ഇകൾക്കുള്ള അടിയന്തര വായ്പാ പദ്ധതിക്കായി മൂന്നുലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
₹1.27 ലക്ഷം കോടി
രാജ്യവ്യാപകമായി ഇതുവരെ എം.എസ്.എം.ഇകൾക്ക് അനുവദിച്ചത് 1.27 ലക്ഷം കോടി രൂപ. ഇതിൽ 77,613 കോടി രൂപ വിതരണം ചെയ്തു. ഇതിൽ 45,797 കോടി രൂപയും വിതരണം ചെയ്തത് പൊതുമേഖലാ ബാങ്കുകളാണ്. 20,988 കോടി രൂപ അനുവദിച്ച എസ്.ബി.ഐയാണ് മുന്നിൽ.
സഹായവുമായി
സംസ്ഥാനവും
കൊവിഡ് ബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വ്യാവസായ ഭദ്രത പദ്ധതിപ്രകാരം വ്യവസായികൾക്ക് 6 മാസത്തെ പലിശ തിരിച്ചുനൽകും. കെ.എസ്. ഐ.ഡി.സി., കിൻഫ്ര എന്നിവവഴിയാണ് ഇതു നടപ്പാക്കുന്നത്.
വെബിനാർ
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വ്യവസായികൾക്ക് മാർഗനിർദേശം നൽകാൻ താലൂക്കുകളിൽ വ്യവസായ ഡയറക്ടറേറ്റ് വെബിനാറുകൾ നടത്തുന്നുണ്ടെന്ന് വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ രമേശ് കുമാർ പറഞ്ഞു.