കോട്ടയം: സ്വകാര്യ ഉടമസ്ഥരുടെ ആനകൾ സർക്കാർ നൽകിയ റേഷൻ അരിയും ശരീരപുഷ്ടിക്കുള്ള വിഭവങ്ങളും കഴിച്ച് സുഖചികിത്സയിൽ കഴിയുമ്പോൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ ദേവസ്വം ബോർഡ് വക ആനകൾ.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ഭക്തജനങ്ങൾ നൽകുന്ന പഴവും ശർക്കരയും പോലും ദേവസ്വം ആനകൾക്ക് ലഭിക്കുന്നില്ല.ആനക്കൊട്ടിലിൽ നിന്നു വെളിമ്പറമ്പുകളിലേക്ക് മാറ്റിയതോടെ നിത്യേനെയുള്ള കുളിയും മുടങ്ങി. വെയിലും മഴയുമേറ്റ് മേലാസകലം പൊടിയുമായി ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ കോലം മാറിയ സ്ഥിതിയിലാണ് ദേവസ്വം വക മിക്ക ആനകളും . കൊവിഡ് കാരണം പനയോല വെട്ടുന്നതും മറ്റും ബുദ്ധിമുട്ടിലായി. ആനകൾക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള പണം ക്ഷേത്ര ഉപദേശക സമിതികൾ സംഘടിപ്പിക്കേണ്ട സ്ഥിതിയാണിപ്പോൾ .
ആന ഉടമസ്ഥസംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് നാട്ടാനകൾക്ക് റേഷൻ അനുവദിച്ചിരുന്നു . ബോർഡ് മുൻകൈയെടുത്തിരുന്നെങ്കിൽ ദേവസ്വം വക ആനകൾക്കും റേഷൻ ലഭിക്കുമായിരുന്നു . ബോർഡ് അധികാരികളോ ഉദ്യോഗസ്ഥരോ ഇതിനുള്ള അപേക്ഷ നൽകിയില്ല. ഇക്കാര്യം അറിഞ്ഞില്ലെന്നാണ് ദേവസ്വം ബോർഡിലെ ഒരുന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്.
റേഷൻ എട്ടു കൂട്ടം
100 കിലോ അരി, 150 കിലോ ഗോതമ്പ്, മുതിര. ചെറുപയർ 50 കിലോ കരിപ്പെട്ടി, 25 കിലോ ഉപ്പ് , മഞ്ഞൾ പൊടി, കുറുമ്പുല്ല് അടക്കം എട്ടുകൂട്ടം സാധനങ്ങളായിരുന്നു സർക്കാർ റേഷനായി നാട്ടാനകൾക്കു നൽകിയത്. ഇതിനൊപ്പം കർക്കടക സുഖചികിത്സയ്ക്കുള്ള അങ്ങാടി മരുന്നും രസായനവും മറ്റും തയ്യാറാക്കിയതോടെ സ്വകാര്യ ഉടമകളുടെ ആനകൾക്ക് സർക്കാർ ചെലവിൽ സുഖചികിത്സയായി.
ഉത്സവങ്ങൾ ഇല്ലാതായതും കൊവിഡും കാരണം ചങ്ങലയിൽ തളച്ചിട്ട നിലയിലാണ് ദേവസ്വം ആനകൾ. ചങ്ങല മാറ്റി പത്തു ചുവട് നടത്തിക്കുന്നുപോലുമില്ല. പാപ്പാന് താത്പര്യമുണ്ടെങ്കിൽ ദിവസവും കുളിപ്പിക്കും. ഭക്തർ വരാതായതോടെ ക്ഷേത്രവരുമാനം കുറഞ്ഞു .തിരി കത്തിക്കാൻ എണ്ണ വാങ്ങാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ക്ഷേത്രങ്ങൾ. ഇതിനിടെ ആനകളെ എങ്ങനെ പരിപാലിക്കും .
കർക്കടകമാസമാണ് ആനകൾക്ക് സുഖചികിത്സ നൽകേണ്ടത്. ദേവസ്വം വക ആനകൾക്ക് സുഖചികിത്സ ഇനിയും ആരംഭിച്ചിട്ടില്ല. മെലിഞ്ഞു കോലം തിരിഞ്ഞു നിൽക്കുന്ന ആനകൾക്ക് മതിയായ ഭക്ഷണം നൽകാൻ ദേവസ്വം ബോർഡ് മുൻ കൈയെടുക്കണം.
അജയകുമാർ, ഭക്തൻ, തിരുനക്കര