കണ്ണൂർ: അത്യപൂർവങ്ങളായ മാവിനങ്ങളുടെ സമ്പത്തുമായി കണ്ണപുരം ഇനി നാട്ടുമാവ് പൈതൃക പ്രദേശമായി അറിയപ്പെടും. ലോകത്തു തന്നെ നൂറിലധികം നാട്ടുമാവുകൾ സ്വാഭാവികമായി കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്റർ ആയി കണ്ണപുരം ചുണ്ടയിലെ കുറുവക്കാവും പരിസരവും മാറി.
കുറുവക്കാവ് പരിസരത്തു നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ നാട്ടുമാവ് പൈതൃക പ്രദേശ പ്രഖ്യാപനം നടത്തി. കണ്ണപുരം ചുണ്ട കുറുവക്കാവിന്റെ 200 മീറ്റർ ചുറ്റളവിലുള്ള ഇരുപതോളം വീടുകളിൽ കാലങ്ങളായി സംരക്ഷിച്ചുവരുന്ന നൂറിൽ അധികം ഇനം മാവുകൾക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിന്റെ ചിത്രവും സഹിതം ടാഗ് ചെയ്ത് മാപ്പിംഗ് നടത്തിക്കഴിഞ്ഞു. നാട്ടുമാവിനങ്ങളെയറിയാനും മാമ്പഴ രുചി ആസ്വദിക്കാനും വൈവിധ്യം നിലനിർത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ വളരെ സ്വാഭാവികമായ നിലയിൽ മാവുകൾ കൊണ്ട് നിബിഡമായ കുറുവക്കാവെന്ന പ്രദേശത്തെ ഒന്നടങ്കം പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തുടർച്ചയായ കാമ്പയിനുകൾ പഞ്ചായത്തിൽ നടന്നുവരുന്നുണ്ട്. കണ്ണപുരം പഞ്ചായത്ത് നാലു വർഷത്തോളമായി നടത്തുന്ന നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ, കണ്ണൂർ ജില്ല ഹരിതമിഷൻ, ജൈവവൈവിധ്യ ബോർഡ് എന്നിവയാണ് പിന്തുണ നൽകുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം പി.പി ഷാജിർ, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രാമകൃഷ്ണൻ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ജൈവ വൈവിധ്യ ബോർഡ് അംഗം കെ.വി ഗോവിന്ദൻ, നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഷൈജു മാച്ചാത്തി തുടങ്ങിയവർ സംബന്ധിച്ചു.
ബൈറ്റ്...
നാടൻ മാവുകളെ സംരക്ഷിക്കുന്നതോടൊപ്പം രുചി വൈവിധ്യം നിറഞ്ഞ മാങ്ങകൾ കൊണ്ട് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്ന തൊഴിൽ സംരംഭങ്ങൾ കൂടി ആവിഷ്കരിക്കും.
ടി.വി.രാജേഷ് എം.എൽ.എ