തളിപ്പറമ്പ്: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഗൗരവകരമല്ലാത്ത രോഗങ്ങളും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ രോഗികളോടും ഡിസ്ചാർജായി പോകാൻ ബന്ധപ്പെട്ടവർ നിർദ്ദേശം നൽകി. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച രണ്ട് പി.ജി ഡോക്ടർമാരെ കൂടാതെ ഒരു സ്റ്റാഫ് നഴ്സിനും രോഗം ബാധിച്ചിട്ടുണ്ട്. ഇതുകൂടാതെ ഡോക്ടർമാരുൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. എട്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടത് മെഡിക്കൽ കോളേജിൽ ആശങ്ക പടർന്നിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെട്ട നാൽപതുപേർ ക്വാറന്റൈയിനിലാണ്. 38 പേർ സർക്കാർ ഏറ്റെടുത്ത ഐ. ആർ.സി ധ്യാനകേന്ദ്രത്തിലും രണ്ടുപേർ ആയുർവേദ കോളേജിലുമായിട്ടാണ് ക്വാറന്റൈയിനിലുള്ളത്.
രോഗം കൂടുതൽ രൂക്ഷമായതോടെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ മാരകമായ രോഗങ്ങൾക്കൊഴികെ ആരും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് വരേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.