കോഴിക്കോട്: കൊവിഡ് വ്യാപനം തീവ്രതലത്തിലേക്ക് മാറിയ സാഹചര്യത്തിൽ ജാഗ്രതാ നടപടികളുടെ ഭാഗമായി നഗരത്തിലെ ഏറ്റവും വലിയ മീൻവില്പന കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. ആഗസ്റ്റ് രണ്ടു വരെ ഇവിടെ വില്പനയുണ്ടാകില്ല.
സംസ്ഥാനത്തെ പല മാർക്കറ്റുകളിലും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികളുടെയും തൊഴിലാളികളുടെയും സംയുക്ത തീരുമാനം. മലപ്പുറം ജില്ലയിലെ ചില മാർക്കറ്റുകൾ അടച്ചതോടെ ഇവിടേക്ക് എത്തുന്നവരുടെ തിരക്ക് കൂടാൻ സാദ്ധ്യതയുണ്ടെന്ന അതിനിടയ്ക്ക് മുന്നറിയിപ്പ് കൂടി വന്നതോടെയാണ് പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ആൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് പ്രസിഡന്റ് എം.പി.അബ്ദുൾ ലത്തീഫ് പറഞ്ഞു.
മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന മീൻ ഇന്നലെ വിറ്റ് തീർത്തു. ഇവിടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് ലോറികൾക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു.
തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വണ്ടികളൊന്നും പിന്നീട് എത്തിയില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇനി ആഗസ്റ്റ് മൂന്നിന് മാത്രമേ മീൻ എത്തിക്കൂവെന്ന് ആൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മിഷൻ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.സി.റഷീദ് പറഞ്ഞു. പ്രാദേശികമായി കിട്ടുന്ന മീൻ മാത്രമായിരിക്കും മറ്റ് മാർക്കറ്റുകളിൽ ലഭിക്കുക.