ആലുവ: ആലുവ മേഖലയെ കൊവിഡ് രോഗികളുടെ കേന്ദ്രമാക്കിയത് ആലുവ പച്ചക്കറി മാർക്കറ്റിലെ കൊവിഡ് നിയന്ത്രണം പാലിക്കാത്ത കച്ചവടവും കുട്ടമശേരിയിലെ വളയിടൽ ചടങ്ങും. കർഫ്യു പ്രഖ്യാപിച്ച മേഖലകളിലായി ഇതുവരെ 294 കൊവിഡ് കേസുകളാണുള്ളത്.
അഞ്ച് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണശേഷമാണ് ഇവർക്കെല്ലാം കൊവിഡ് ബാധയുണ്ടെന്നറിഞ്ഞത്. അതിനാൽ സർക്കാർ രേഖകളിൽ ഇത് കൊവിഡ് മരണമായി രേഖപ്പെടുത്തിയിട്ടില്ല.
ആലുവ നഗരസഭ പരിധിയിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും സമീപ പഞ്ചായത്തുകളിലെ ഭൂരിഭാഗം രോഗബാധിതരുടെ ഉറവിടവും ആലുവയാണ്. ചെമ്പകശേരി കവലയിലെ മകളുടെ വീട്ടിൽ താമസിച്ച വയോധികയാണ് നഗരത്തിൽ മരിച്ചയാൾ. ഉളിയന്നൂർ സ്വദേശിയായ മാർക്കറ്റിലെ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ പത്തിലേറെ ചുമട്ടുതൊഴിലാളികൾക്കും അര ഡസനോളം കണ്ടിജൻസി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.
മിക്കവാറും ആളുകളുടെ വീട്ടിലുള്ള ബന്ധുക്കളും രോഗബാധിതരായി. റെയിൽവേ സ്റ്റേഷനിലെ ബസ് ടിക്കറ്റ് കൗണ്ടറിൽ നിന്നും സമീപ പഞ്ചായത്തുകളിലെ 20 ഓളം പേർക്ക് രോഗം പകർന്നു.
കീഴ്മാട്ടിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. 115 പേർ. വിവാദമായ കുട്ടമശേരിയിലെ വളയിടങ്ങൾ ചടങ്ങിലൂടെ 25 ഓളം പേർ രോഗബാധിതരായി. ചുണങ്ങംവേലിയിലെ കോൺവെന്റിൽ 24 കന്യാസ്ത്രീകൾക്ക് പോസറ്റീവായി. ഒരു കന്യാസ്ത്രീക്കും ജി.ടി.എന്നിന് സമീപം ഉറക്കത്തിൽ മരിച്ചയാൾക്കും കൊവിഡ് ബാധിച്ചിരുന്നു. കുട്ടമശേരിയും ചാലക്കലുമാണ് കൂടുതൽ രോഗികൾ.
എടത്തലയിൽ 36 പേരാണ് കൊവിഡ് ബാധിതർ. പത്താം വാർഡ് മാളിയേക്കപ്പടിയിലാണ് കൂടുതൽ രോഗികൾ. ആറ് പേർ.
ചൂർണിക്കരയിലും കടുങ്ങല്ലൂരിലും 28 രോഗികൾ വീതമാണുള്ളത്. അത്താണിയിൽ ബൈക്കപടത്തിൽ മരിച്ചയാൾ ചൂർണിക്കര സ്വദേശിയായിരുന്നു.
കരുമാല്ലൂരിലും 27 രോഗികളാണുള്ളത്. ഒരാൾ കൊവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്.
ചെങ്ങമനാട് 19 പേർക്കും ആലങ്ങാട് 16 പേർക്കുമാണ് രോഗമുള്ളത്.
ആലങ്ങാട് പത്ത് പേർ നേരത്തെ രോഗമുക്തി നേടിയിരുന്നു. മാളികംപീടിക, പാനായിക്കുളം ഭാഗങ്ങളിലാണ് കൂടുതൽ രോഗികൾ.
പൊലീസ് നടപടികൾ ശക്തം
ആലുവ: ആലുവയിൽ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് നടപടികൾ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. കൂടുതൽ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചു. പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തി.
ക്ലസ്റ്ററിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി.
ആലുവ ക്ലസ്റ്ററിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെ മൊത്ത വിതരണവും 10 മുതൽ രണ്ട് വരെ ചില്ലറ വിൽപ്പനയും നടത്താം. രണ്ട് മണിക്കു ശേഷം മെഡിക്കൽ സ്റ്റോറും ആശുപത്രിയും ഒഴികെ ഒരു സ്ഥാപനവും തുറക്കാൻ പാടില്ല. രാവിലെ പാൽ പത്രം എന്നിവ വിതരണം ചെയ്യാം.