ബീജിംഗ്: ആവശ്യത്തിന് വേവിക്കാത്ത മത്സ്യം കഴിച്ച ചൈനീസ് സ്വദേശിയായ 55 കാരന് നഷ്ടമായത് കരളിന്റെ പാതി ഭാഗം. മത്സ്യം കഴിച്ചതിന് ശേഷം വിശപ്പില്ലായ്മ, വയറിളക്കം, തളർച്ച, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ടതിന് പിന്നാലെ ഇദ്ദേഹം ഹാങ്ഷു ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. സ്കാനിംഗിന് വിധേയനാക്കിയപ്പോൾ ഇദ്ദേഹത്തിന്റെ കരളിനുള്ളിൽ ഫ്ലാറ്റ് വേംസ് (flat worms) മുട്ടയിട്ടിരിക്കുന്നതായും കരളിന്റെ ഇടതുഭാഗത്തായി 19 സെന്റിമീറ്റർ നീളവും 18സെന്റിമീറ്റർ വീതിയുമുള്ള ഒരു ആവരണവും കണ്ടെത്തി.
ഈ ആവരണത്തിന് മുകളിൽ മുഴകളും വളരാൻ തുടങ്ങിയിരുന്നു. തുടർന്ന് വിശദ പരിശോധനയ്ക്കു ശേഷം, ഇദ്ദേഹത്തിന് ക്ലോണോർക്കിയാസിസ് (പാരസൈറ്റിക് ഫ്ലാറ്റ് വേംസ് മൂലം ഉണ്ടാകുന്ന രോഗം) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കരളിനു മീതേ രൂപപ്പെട്ട ആവരണത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യാനും അതിലൂടെ അതിന്റെ വലിപ്പം കുറയ്ക്കാനും ഡോക്ടർമാർ ശ്രമിച്ചു. എന്നാൽ ഇതിന് മൂന്നാഴ്ചയ്ക്കു ശേഷവും മുഴകൾ അതേപടി തുടർന്നു. ഇതേ തുടർന്ന് കരളിന്റെ രോഗബാധിതമായ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നീക്കം ചെയ്ത ഭാഗത്ത് ഫ്ലാറ്റ് വേംസിന്റെ നിരവധി മുട്ടകളും കണ്ടെത്തി.മീനിനുള്ളിൽ ഉണ്ടായിരുന്ന ഫ്ലാറ്റ് വേംസ്, രോഗിയുടെ ശരീരത്തിലെത്തി കരളിൽ മുട്ടയിട്ടതാവാം എന്നാണ് കരുതുന്നത്.