ലോസാഞ്ചൽസ്: ചൈനയുമായി കട്ട ഉടക്കിലാണെന്നതൊക്കെ ശരി തന്നെ. പക്ഷേ, കൊവിഡ് വാക്സിൻ അവരാണ് ആദ്യം ഫലപ്രദമായി വിപണിയിലെത്തിക്കുന്നതെങ്കിൽ ഉറപ്പായും അവരുമായി സഹകരിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതാണ് പുതിയ നിലപാട്. കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയിലാണ് ട്രംപ് തന്റെ മനസിലുള്ളത് തുറന്നു പറഞ്ഞത്.
കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷിക്കുന്നതിനും വിജയകരമായി പൂർത്തിയാക്കുന്നതിനുമായി ഞങ്ങളുടെ രാജ്യവും ശ്രമിക്കുന്നുണ്ട്. അതിൽ ആദ്യം ആരു വിജയിച്ചാലും അമേരിക്ക അവരുമായി സഹകരിക്കുമെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്. 'അത് ചൈനയായാലോ ' എന്ന് അവതാരകൻ ചോദിച്ചപ്പോൾ 'അവരായാലും' എന്നായിരുന്നു ഉത്തരം. കൊവിഡിന്റെ പ്രതിരോധ വാക്സിൻ വിപണിയിലെത്തിയാൽ അത് വിതരണം ചെയ്യുന്നതിന് അമേരിക്കൻ സൈന്യവും രംഗത്തുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.