കൽപ്പറ്റ: 'ധൈര്യം കൈവിടാതെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ചാൽ നിങ്ങൾ രക്ഷപ്പെടും ഒപ്പം കുടുംബവും നാടും', വയനാട്ടിലെ ആദ്യത്തെ കൊവിഡ് രോഗിയായ അൻഷാദ് അലിയുടെ വാക്കുകൾ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പോലും ആത്മവിശ്വാസം പകരുന്നതാണ്. ദുബായ് ഗ്ളോബൽ വില്ലേജിൽ നിന്ന് മാർച്ച് 22ന് അവധിക്ക് വന്നതായിരുന്നു മേപ്പാടി നെടുങ്കരണ മഠത്തിൽ വീട്ടിൽ ആലിക്കുട്ടിയുടെയും കദീജയുടെയും മകനായ ഈ 29കാരൻ. യാത്രയ്ക്കിടെ നേരിയ അസ്വസ്ഥത തോന്നിയപ്പോൾ വീട്ടിലേക്ക് വിളിച്ചു. ഞാൻ വരുന്നു, എല്ലാവരും കുറച്ച് ദിവസത്തേക്ക് മാറി നിൽക്കണം. ആരോഗ്യ വകുപ്പിലും കാര്യങ്ങൾ അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരെ വീട്ടിലേക്ക്. എവിടെയും കയറിയില്ല, ആരെയും കണ്ടില്ല. സ്രവ പരിശോധന യിൽ കാര്യങ്ങൾ തെറ്റിയില്ല. കൊവിഡ്!. നേരെ കൊവിഡ് സെന്ററായ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്ക്. അവിടെ എത്തിയപ്പോൾ വേറെ രണ്ടുപേരും ഇതേ രോഗവുമായി എത്തിയിരിക്കുന്നു. തൊണ്ടർനാട്ടെ ആലിയും കമ്പളക്കാട്ടെ റസാക്കും. ജില്ലയിലെ ആദ്യത്തെ കൊവിഡ് രോഗികൾ. ജില്ലാ ആശുപത്രിയിൽ 26 ദിവസം. 17 നാൾ ഏകാന്ത വാസം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അനിശ്ചിതത്വം. അപ്പോഴും നഴ്സുമാരും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നൽകിയ സ്നേഹവും പരിചരണവും ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ തന്നു. മനസു നിറയെ മൂന്ന് മാസം മാത്രം പ്രായമായ മകൻ സയാന്റെയും ഭാര്യ മെഹ്ഫിനയുടെയും മുഖം. ആരോഗ്യ പ്രവർത്തകർ പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിച്ചു. ഒടുവിൽ രോഗം ഭേദമായി ആശുപത്രി വിടുമ്പോൾ അറിയാതെ കരഞ്ഞു പോയി. അത്രമാത്രം കരുതലായിരുന്നു. കൈവീശി യാത്രയാക്കുമ്പോൾ അവരൊക്കെ ആരൊക്കയോ ആണെന്ന് മനസിൽ പറഞ്ഞുപോയി. മാസങ്ങൾക്കിപ്പുറം കൊവിഡ് ലോകത്തെ കീഴ്പ്പെടുത്തുന്ന കാഴ്ച അൻഷാദിനെ നൊമ്പരപ്പെടുത്തുകയാണ്. വയനാട്ടിൽ മാത്രം 314 രോഗികളായി. ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അൻഷാദ് ആശ്വാസമാണിപ്പോൾ. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പ്ലാസ്മ നൽകാനെത്തി. ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടതിനാൽ ഫോണിലൂടെ നിരവധി പേർക്ക് കൗൺസലിംഗ് നൽകുന്നുണ്ടെന്ന് അൻഷാദ് പറയുന്നു. കൊവിഡ് ശമിച്ചാൽ ദുബായിലേക്ക് തിരിച്ച് പോയി ഗ്ളോബൽ വില്ലേജിലെ ബിസിനസ് ഉഷാറാക്കമെന്നാണ് അൻഷാദിന്റെ മോഹം.