തൃശൂർ: ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ജൂലായ് 23 നകം 6,500 കിടക്കകൾ ഒരുക്കും. തിരഞ്ഞെടുത്ത ഏഴ് താലൂക്കുകളിലെയും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കിടക്കകളും ശുചിമുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കും. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ ചേംബറിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം. ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂർ, കുന്നംകുളം, തലപ്പിള്ളി, തൃശൂർ, മുകുന്ദപുരം എന്നീ താലൂക്കുകളിൽ 40 കേന്ദ്രങ്ങളിലായി കട്ടിൽ, റെക്സിൻ കിടക്ക, കിടക്കവിരി, തലയിണയും ഉൾപ്പെടുന്ന കിടപ്പു സൗകര്യവും ബക്കറ്റ്, മഗ്, ടവ്വലോട് കൂടിയ ശുചിമുറി സൗകര്യവും കൂടാതെ ആരോഗ്യവിഭാഗം ജീവനക്കാരായ ഡോക്ടർമാർക്കും, നഴ്സുമാർക്കുമായി നഴ്സിംഗ് സ്റ്റേഷൻ തുടങ്ങിയവയാണ് ഒരുക്കുന്നത്. നിലവിൽ 12 സെന്ററുകളിലായി 2,165 കിടപ്പു സൗകര്യം ഏർപ്പെടുത്തി. കൂടുതലായി സജ്ജമാക്കാനുള്ള കിടപ്പു സൗകര്യങ്ങൾ 23 നകം പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടർമാർക്ക് സിഎഫ്എൽടിസി സ്പെഷ്യൽ ഓഫീസർ ജീവൻ ബാബു നിർദ്ദേശം നൽകി.