തൃശൂർ: 40 പരീക്ഷാ സെന്ററുകളിലായി 11,800 വിദ്യാർത്ഥികൾ കീം 2020 പരീക്ഷ എഴുതിയെങ്കിൽ ഇതുവരെ ആർക്കും കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്. 40 സെന്ററുകളിലായി 60 കുട്ടികൾ ക്വാറന്റൈനിൽ പരീക്ഷ എഴുതിയിരുന്നു. അവർ സാധാരണ കുട്ടികളിൽ നിന്നും അകലം പാലിച്ച് പ്രത്യേക ക്ലാസ് മുറികളിലാണ് പരീക്ഷ എഴുതിയത്.
ഗ്ലൗസ് അടക്കം ധരിപ്പിച്ചാണ് പരീക്ഷ എഴുതിപ്പിച്ചത്. വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാന താമസക്കാരും ഒപ്പം വീട്ടുകാർ ക്വാറന്റൈനിൽ കഴിയുന്നവരും ഇതിൽ ഉൾപ്പെടും. കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികളെയും പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. ബാക്കി കുട്ടികളെ തെർമ്മൽ സ്കാനറിൽ ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റൈസർ നൽകി മാസ്ക് ധരിപ്പിച്ച് സാമൂഹിക അകലം പാലിച്ചാണ് ഇരുത്തി പരീഷ എഴുതിപ്പിച്ചത്. ഒരു ഹാളിൽ 20 പേർ എന്ന നിലയിൽ 40 സെന്ററുകളിൽ 680ൽ അധികം ക്ലാസ് മുറികൾ ഇതിനായി അണുവിമുക്തമാക്കി സജ്ജമാക്കി.
വ്യാഴാഴ്ച നടന്ന പരീക്ഷയിൽ രാവിലെ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും പോകാൻ അനുവദിച്ചില്ല. അവർക്ക് ഭക്ഷണം കഴിക്കാൻ അവിടെ തന്നെ സൗകര്യവും ഒരുക്കി. കാര്യങ്ങൾ ഇങ്ങനെ ശാസ്ത്രീതമായി ക്രമീകരിക്കുന്നതിന് കുടുംബശ്രീ അംഗങ്ങൾ അടക്കം സാമൂഹിക പ്രവർത്തകരുടെ സേവനം ഗുണകരമായി. എന്നാൽ കുട്ടികൾക്കൊപ്പം വന്ന രക്ഷിതാക്കളെ നിയന്ത്രിക്കുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.