കാബൂൾ: കൺമുന്നിലിട്ട് അച്ഛനെയും അമ്മയേയും വെടിവച്ച് കൊലപ്പെടുത്തിയാൽ നോക്കി നിൽക്കാനാകുമോ?. ആരും ചെയ്യുന്നതേ ഈ പതിനാറുകാരിയും ചെയ്തുള്ളൂ. എ.കെ.47 കയ്യിലെടുത്ത് താലിബാൻ ഭീകരരുടെ നെഞ്ചു പിളർന്നു അവൾ. വാർത്ത പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ച് സർക്കാർ രംഗത്തെത്തി. ഇവളാണ് പുലിക്കുട്ടിയെന്ന് സോഷ്യൽമീഡിയയും വാഴ്ത്തി. അഫ്ഗാനിസ്ഥാനിലെ ഘോറിലെ ഖമർ ഗുലുമാണ് ആ മിടുക്കി.
സർക്കാരിനെ പിന്തുണച്ചതിന്റെ പേരിലാണ് ഖമറിന്റെ മാതാപിതാക്കളെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നത്. ഗ്രാമമുഖ്യനും സർക്കാരിന്റെ കടുത്ത അനുയായിയുമായ ഹബീബു റഹമാൻ മലീക്സാദയാണ് ഖമറിന്റെ പിതാവ്. വീട്ടിലേക്ക് ഇരച്ച് കയറിയ താലിബാൻ ഭീകരർ ഇയാളെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനെ തടഞ്ഞ ഖമറിന്റെ അമ്മയേയും പുറത്തേക്ക് ഇറക്കി വെടിവച്ചു കൊന്നു.
ഈ സമയം, ഖമർ വീടിനുള്ളിലുണ്ടായിരുന്നു. മാതാപിതാക്കളെ വധിക്കുന്നത് കണ്ട് എ.കെ 47 തോക്ക് എടുത്ത് ഭീകരർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. മാതാപിതാക്കളെ കൊന്ന രണ്ട് ഭീകരരെ പെൺകുട്ടി നിമിഷങ്ങൾക്കുള്ളിൽ കൊന്നു. മറ്റുള്ളവർക്ക് സാരമായി പരിക്കേറ്റു.
ഇതിനു പിന്നാലെ ഇവരുടെ വീട് ആക്രമിക്കാൻ വീണ്ടും ഭീകരർ എത്തിയെങ്കിലും നാട്ടുകാരും സർക്കാരിനെ പിന്തുണയ്ക്കുന്ന സംഘാംഗങ്ങളും തുരത്തി ഓടിച്ചു. ഖമറിനെയും ഇളയ സഹോദരനേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.