വാക്വിൻ ഫിനീക്സിന്റെ സിനിമ കാണാൻ പ്രസിഡന്റ് നിർദ്ദേശിച്ചതോടെ അക്രമി കീഴടങ്ങി
ഉക്രയ്ൻ: ഉക്രയിനിൽ 20 യാത്രക്കാരെ ബസിൽ ബന്ദികളാക്കി, പൊലീസിന് നേർക്ക് വെടിവച്ച അക്രമി കീഴടങ്ങി. യാത്രക്കാരെയും വിട്ടയച്ചു. എല്ലാറ്റിനും കാരണം ജോക്കർ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ഓസ്കാർ നേടിയ വാക്വിൻ ഫീനിക്സാണെന്നാണ് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഫൈഫിളും ഗ്രനേഡുകളുമായി 44കാരനായ അക്രമി മാക്സിം ക്രിവോഷ് പൊലീസിന് കീഴടങ്ങി. ഒറ്റ ആവശ്യമേ അക്രമിക്ക് ഉണ്ടായിരുന്നുള്ളൂ. പ്രസിഡന്റിനോട് സംസാരിക്കണം. 'വാക്വീൻ ഫീനിക്സിന്റെ 2005ൽ പുറത്തിറങ്ങിയ എർത്ത്ലിംഗ്സ്' എന്ന ഡോക്യുമെന്ററി എല്ലാവരും കാണണം എന്ന് ഉക്രയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലിൻസ്കി നിർദ്ദേശിക്കണം.' ഇത് നടപ്പായതോടെയാണ് 13 ബന്ദികളെ മോചിപ്പിച്ചത്. ഇതോടെ പശ്ചിമ ഉക്രയിനിലെ ലുത്സക് നഗരത്തിൽ മണിക്കൂറുകളോളം നീണ്ട ഭീതിക്കും പ്രതിസന്ധിക്കും പരിഹാരമായി. ക്രിവോഷ് വെടിവയ്ക്കുകയും പൊലീസ് ഡ്രോണിന് നേരെ ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു.
പൊലീസ് നാഷണൽ ചീഫിന് വെടിയേറ്റതായി റിപ്പോർട്ടുണ്ട്. അതേസമയം ആർക്കും ഗുരുതര പരിക്കുകളില്ല. പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് യാചനാസ്വരത്തിൽ അക്രമി മാദ്ധ്യമപ്രവർത്തകരോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് സെലിൻസ്കി, ക്രിവോഷുമായി സംസാരിച്ചു. ഇതിന് പിന്നാലെ മൂന്ന് ബന്ദികളെ ആദ്യം മോചിപ്പിച്ചു. സിനിമ കാണാൻ നിർദ്ദേശിച്ചുകൊണ്ടുള്ള വീഡിയോ പ്രസിഡന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ബാക്കിയുള്ളവരേയും മോചിപ്പിച്ചു. മൃഗങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുന്നതാണ് വാക്വിൻ ഫീനിക്സിന്റെ 2005ൽ പുറത്തിറങ്ങിയ എർത്ത്ലിംഗ്സ് എന്ന സിനിമ. ക്രിവോഷ് മോചിപ്പിച്ച് പൊലീസിന് കീഴടങ്ങിയതിന് പിന്നാലെ പ്രസിഡന്റ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
മൃഗസംരക്ഷണ പ്രവർത്തകനാണ് ക്രിവോഷ്. തട്ടിപ്പ്, ആയുധം കൈവശം വച്ചു തുടങ്ങിയ കേസുകളിൽപ്പെട്ട് 10വർഷത്തോളം ജയിലിലായിരുന്നു. ക്രിവോഷിന്റെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് പൊലീസ് പറഞ്ഞു. ബസിൽ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്നാണ് ക്രിവോഷ് പൊലീസിനോട് പറഞ്ഞിരുന്നത്. ഗവൺമെന്റിനെതിരായ വിമർശനങ്ങളുമായി 500 പേജുള്ള മാനിഫെസ്റ്റോ തയ്യാറാക്കിയിരുന്നു.