കാസർകോട്: ആശങ്ക ഉളവാക്കുന്ന തരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാമുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഒറ്റ ദിവസം നൂറിലധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും സമ്പർക്കം വഴി കൊവിഡ് രോഗവ്യാപനത്തിന്റെ തോത് ഉയർന്നുവരുന്നതും ഗൗരവത്തോടെയാണ് ജില്ലാഭരണകൂടം കാണുന്നത്.
രണ്ടാഴ്ചയ്ക്കിടെയാണ് ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. കർണ്ണാടകയോടു ചേർന്ന വടക്കൻമേഖലകളിൽ സമ്പർക്കകേസുകൾ പെരുകി വരുന്ന സാഹചര്യത്തിൽ അഞ്ച് ക്ലസ്റ്റർ ഏരിയകൾ ജില്ലയിൽ കണ്ടെത്തി പ്രതിരോധനടപടികൾ തുടങ്ങിയിട്ടുണ്ട്. കാസർകോട് മാർക്കറ്റ്,ചെർക്കള ടൗൺ, മംഗൽപാടി വാർഡ് മൂന്ന്, കുമ്പള മാർക്കറ്റ്, ഹൊസങ്കടി ലാബ് എന്നിവയാണ് ജില്ലയിൽ രൂപം കൊണ്ട ക്ലസ്റ്ററുകൾ. ഉറവിടമില്ലാത്ത ഇരുപതോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും നിർണായകമാണ് .
വടക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ സമ്പർക്ക വ്യാപന കേസുകൾ വർധിച്ചുവരുന്നത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്ച തന്നെയായി വിലയിരുത്തപ്പെടുന്നു.
സമ്പർക്കമില്ലാതെ 35 ദിനം, പിന്നാലെ..
മൂന്നാംഘട്ട രോഗവ്യാപനം തുടങ്ങി 35 ദിവസത്തോളം സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പ്രതിരോധം തീർത്ത ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ വരുത്തിയ വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമായി മാറിയത് .
പൊതു ചടങ്ങുകൾ, വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിഷ്കർഷിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടത് സമ്പർക്ക കേസുകളുടെ ക്ലസ്റ്ററുകൾ രൂപപ്പെടാൻ കാരണമായിട്ടുണ്ട്. മരണ വീട്ടിൽ ഒത്തുകൂടിയവർക്കിടയിൽ കൊവിഡ് വ്യാപനം ഉണ്ടായിയെന്നത് ഇതിന്റെ സൂചനയാണ്. മാർക്കറ്റുകൾ, കടകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട ശാരീരിക അകലം, ശുചിത്വ മാനദണ്ഡങ്ങൾ എന്നിവ കാറ്റിൽ പറത്തി. അതിർത്തിയിലെ ഊടുവഴികളിലൂടെ ആൾക്കാർ കർണ്ണാടകയിലേക്കും തിരിച്ചും യാത്ര നടത്തുന്നതും ജില്ലയുടെ ആരോഗ്യ സുസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്.
ബൈറ്റ്
ആരിൽ നിന്നും രോഗപകർച്ചയുണ്ടാവാമെന്ന നിലയിലേക്ക് ജില്ലയിലെ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിൽ മരണനിരക്കും ഉയരാൻ സാദ്ധ്യത ഏറെയാണ്. ജില്ലയുടെ പരിമിതമായ ആരോഗ്യസംവിധാനങ്ങളും മാനവശേഷിയും ഉപയോഗിച്ചണ് കൊവിഡിനെതിരെ പടപൊരുതുന്നത്. 21 ആരോഗ്യപ്രവർത്തകരാണ് രോഗബാധിതരായത്.
ഡോ. എ വി രാംദാസ്
കാസർകോട് ഡി.എം.ഒ