ന്യൂഡൽഹി: കുഞ്ഞിച്ചുണ്ട് പിളർത്തി വാവ കരയുമ്പോൾ, ആശുപത്രി അധികൃതർ കുഞ്ഞിന്റെ അച്ഛനോട് ചോദിക്കും. വിമാനം ഉടനെത്തുമോ എന്ന്. 35 ദിവസം പ്രായമുള്ള പൈതലിന് വിശപ്പടക്കാൻ അമ്മയുടെ മുലപ്പാൽ ആയിരത്തിലധികം കിലോമീറ്റർ താണ്ടി വിമാനത്തിലാണെത്തുക. അതും കാത്ത് കുഞ്ഞിന്റെ അച്ഛൻ ജിക്മെത് വാങ്ഡു (31) ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇരിപ്പുണ്ടാകും. കൊവിഡും ലോക്ക്ഡൗണുമൊന്നും വാങ്ഡുവിന്റെ യാത്രയെ ബാധിക്കാറില്ല.
ലഡാക്ക് ലേ സ്വദേശിയാണ് ജിക്മെത് വാങ്ഡു. ഭാര്യ ഡോർജെ പാൽമോ. ആറ്റുനോറ്റിരുന്ന് ഇരുവർക്കും ജൂൺ 16ന് ഉണ്ണി പിറന്നു. ജനിച്ചപ്പോൾ മുതൽ കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ ബുദ്ധിമുട്ട്. അന്നനാളത്തിന് കുഴപ്പമുള്ളതിനാൽ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ വേണമെന്ന് ലേയിലെ ഡോക്ടർമാർ അറിയിച്ചു. ജൂൺ18ന് കുഞ്ഞിനെയും കൊണ്ട് അമ്മാവൻ വിമാനത്തിൽ ഡൽഹിയിലെത്തി ഷാലിമാർ ബാഗിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂരിൽ അദ്ധ്യാപകനായ കുഞ്ഞിൻെറ അച്ഛനും വൈകാതെ ഡൽഹിയിലെത്തി. ശസ്ത്രക്രിയ വിജയകരമായെങ്കിലും കുഞ്ഞിന് മുലപ്പാൽ എത്തിക്കാൻ എന്ത് ചെയ്യുമെന്നായിരുന്നു പിന്നീടുള്ള പ്രശ്നം. കൊവിഡ് കാലമായതിനാൽ കുഞ്ഞിന്റെ അമ്മയ്ക്ക് യാത്ര ചെയ്ത് ഡൽഹിയിലെത്തുക ബുദ്ധിമുട്ടായിരുന്നു. കുഞ്ഞിന് പൗഡർ പാൽ നൽകിയെങ്കിലും അത് ശരിയായില്ല. ഒടുവിൽ ലേയിൽ നിന്ന് ബോക്സിൽ സുരക്ഷിതമായി മുലപ്പാൽ വിമാനത്തിൽ എത്തിക്കാമെന്ന് തീരുമാനിച്ചു.
ദിവസവും മുലപ്പാൽ ബോക്സ് വിമാനത്തിൽ ഡൽഹിയിൽ എത്തിത്തുടങ്ങി. ആദ്യത്തെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിമാനക്കമ്പനിക്കാർ പാൽ സൗജന്യമായാണ് എത്തിക്കുന്നത്. ഇപ്പോൾ മൂന്നാഴ്ചയായി. ദിവസവും പാൽ എത്തിച്ചാൽ കുപ്പി തിരിച്ചയയ്ക്കും. കുട്ടി ആരോഗ്യവാനായെന്നും എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാമെന്നും ഡോക്ടർമാർ പറയുന്നു.