തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം സർക്കാർ ഉപേക്ഷിക്കുന്നു. ധനകാര്യബിൽ പാസാക്കാനാണ് സമ്മേളനം നിശ്ചയിച്ചത്. തീയതി നിശ്ചയിച്ച ശേഷം റദ്ദാക്കുന്നത് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമാണ്. അതേസമയം, സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്ന പ്രതിപക്ഷം സമ്മേളനം ഒഴിവാക്കുന്നതിനോട് യോജിച്ചിട്ടില്ല.
തിങ്കളാഴ്ച സഭ ചേരാൻ നിശ്ചയിച്ച് ഗവർണർക്ക് ശുപാർശ ചെയ്ത കഴിഞ്ഞ മന്ത്രിസഭാ തീരുമാനം സസ്പെൻഡ് ചെയ്ത് വീണ്ടും ഗവർണറെ അറിയിക്കാൻ ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചേക്കും.
മഹാമാരിയുടെ സാഹചര്യമുണ്ടെങ്കിലും, സഭ ചേരണമെന്നും സർക്കാരിനെതിരായ അവിശ്വാസം ചർച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷ നിലപാട്. മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവുമായി അനൗപചാരികമായി സംസാരിച്ചെങ്കിലും ധാരണയായില്ല. വീണ്ടും പ്രതിപക്ഷവുമായി സംസാരിക്കും. സമ്മേളനം സസ്പെൻഡ് ചെയ്യുന്നതോടെ പ്രതിപക്ഷപ്രമേയവും അസാധുവാകും.
സഭ ചേരാൻ തീരുമാനിച്ചതോടെ, ശാരീരികാകലം ഉറപ്പാക്കാൻ 35 കസേരകൾ അധികം ഇടുന്നതടക്കമുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് കൈക്കൊണ്ടിരുന്നു. എന്നാൽ, കൊവിഡ് തിരുവനന്തപുരത്തുൾപ്പെടെ നിയന്ത്രണം വിട്ട് പടരുമ്പോൾ സമ്മേളനം ചേരുന്നതിലെ പ്രശ്നസാദ്ധ്യതയാണ് സർക്കാരിൽ വീണ്ടുവിചാരമുണ്ടാക്കിയത്.
പുറത്ത് നിന്ന് വായു കടക്കാൻ സൗകര്യമില്ലാത്തതാണ് സഭാതലം. എ.സിക്ക് പകരം ഫാനായാലും പ്രശ്നമാവും. 140 അംഗങ്ങൾ ഒരുമിച്ചിരുന്നാൽ സമ്പർക്ക വ്യാപനമെന്ന ഭീഷണിയിലേക്ക് നയിക്കും. നിയമസഭയിലെ വാച്ച് ആൻഡ് വാർഡിന് പുറമേ സമ്മേളനം ചേരുമ്പോൾ പുറത്ത് നിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കണം. ഇതും ഇന്നത്തെ സാഹചര്യത്തിൽ വെല്ലുവിളിയാണ്.
47 പേർ 65 വയസിന് മുകളിലുള്ളവർ
സഭയിലെ 140 അംഗങ്ങളിൽ 47 പേർ 65 വയസിന് മുകളിലുള്ളവരാണ്. റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ടവർ. 96 വയസുള്ള വി.എസ്. അച്യുതാനന്ദനും 90 തികഞ്ഞ ഒ. രാജഗോപാലുമാണ് ഏറ്റവും മുതിർന്ന അംഗങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉൾപ്പെടെ 70 വയസ് പിന്നിട്ടവരാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അംഗങ്ങളിൽ കൊവിഡ് തീവ്രബാധിത മേഖലകളിൽ നിന്ന് വരുന്നവരുമുണ്ട്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരുമാണ് ഇവരെല്ലാം.
ധനബിൽ: കാലാവധി നീട്ടാൻ ഓർഡിനൻസ്
പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബിൽ സാമ്പത്തികവർഷം തുടങ്ങും മുമ്പേ സഭയിലവതരിപ്പിച്ചാൽ ഏപ്രിൽ ഒന്ന് മുതൽ 120 ദിവസത്തെ കാലാവധിയാണുണ്ടാവുക. അതിനുള്ളിൽ പാസാക്കിയില്ലെങ്കിൽ അസാധുവാകും. 29നാണ് കാലാവധി തീരുന്നത്. അസാധാരണ സാഹചര്യമുണ്ടായാൽ 150 മുതൽ 180 ദിവസം വരെ കാലാവധി നീട്ടിക്കൊണ്ട് സർക്കാരിന് ഓർഡിനൻസ് ഇറക്കാം. ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിനായി അടുത്ത ദിവസം പ്രത്യേക മന്ത്രിസഭായോഗം ചേരേണ്ടിവരും.