തൃത്താല: മഴക്കാലം ചാഞ്ചേരിപ്പറമ്പ് കോളനിക്കാർക്ക് ദുരിത യാത്രകളുടെയും നാളുകളാണ്. വെള്ളിയാങ്കല്ല് റെഗുലേറ്ററിനോന് സമീപത്തെ തീരദേശപാത തകർന്നു തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ജീവൻ പണയംവെച്ചാണ് നിലവിൽ കോളനിക്കാർ ഇതുവഴി യാത്രചെയ്യുന്നത്.
പരുതൂർ പഞ്ചായത്തിലെ ചാഞ്ചേരിപ്പറമ്പ് കോളനിയിലെ അമ്പതോളം കുടുംബങ്ങൾക്ക് നഗരത്തിലേക്ക് എത്താനുള്ള ഏക യാത്രാമാർഗമാണ് ഈ റോഡ്. അയിനിപ്പറമ്പ്, മുടപ്പക്കാട് ഭാഗങ്ങളിലെ ആളുകൾക്ക് തൃത്താലയിലേക്കും വെള്ളിയാങ്കല്ലിലേക്കും എത്തണമെങ്കിൽ ഈ റോഡിനെ ആശ്രയിക്കാതെ നിവർത്തിയില്ല. കുട്ടികളും പ്രയാമായവരും ഉൾപ്പെടെ നൂറോളം ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ നടപടിയായില്ല. ഈ മഴക്കാലത്തെങ്കിലും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം പാലിക്കപ്പെട്ടില്ല
വെള്ളിയാങ്കല്ല് - ചാഞ്ചേരി പറമ്പ് റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 2010ൽ റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. തുടർന്ന്, തൃത്താല പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ 42 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതോടെ റോഡ് വികസന സമിതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. സിറ്റിംഗ് നടത്തിയ കമ്മിഷൻ റോഡ് യാഥാർത്ഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ റവന്യൂ, പൊതുമരാമത്ത്, ജലസേചനം, പരുതൂർ പഞ്ചായത്ത് എന്നിവർക്ക് നിർദേശം നൽകുകയും ചെയ്തു. പിന്നീട് റോഡ് നിർമ്മിക്കാൻ സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമ്മാണം മാത്രം നാളിതുവരെ ആരംഭിച്ചിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് ഒരുകോടി 35 ലക്ഷം രൂപയുടെ പുതുക്കിയ പദ്ധതി തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ നടപടികളൊന്നും സർക്കാർ തലത്തിൽ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഈ മൺപാത ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു.