കൊച്ചി: ഏഴാം സീസൺ ഐ.എസ്.എല്ലിലേക്ക് അഞ്ചുകോടി മുടക്കി സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ നിഷു കുമാറിനെ മഞ്ഞക്കുപ്പായത്തിൽ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് . നാല് വർഷത്തേക്കാണ് നിഷുവുമായുള്ള കരാർ. ജിംഗാൻ ക്ളബ് വിട്ടതിന് പകരമായാണ് നിഷുവിനെ എത്തിക്കുന്നത്.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ 22 കാരനായ നിഷു കുമാർ 11-ാം വയസിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാഡമിയിലാണ് തന്റെ ഫുട്ബോൾ യാത്ര തുടങ്ങിയത്. 2015ൽ ബംഗളൂരു എഫ്.സിയുമായി കരാറൊപ്പിട്ടത് കരിയറിലെ വഴിത്തിരിവായി. ബി.എഫ്.സിക്കായി 70 ൽ അധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 2018-19 ൽ ബംഗളൂരു എഫ്.സി ഐ.എസ്.എൽ കിരീടം നേടുമ്പോൾ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐ.എസ്.എൽ സീസണുകളിൽ ബി.എഫ്.സി പ്രതിരോധത്തിൽ നിഷു കുമാർ സുപ്രധാന പങ്കുവഹിച്ചു. ശരാശരി 70ശതമാനം പാസ് കൃത്യത നിലനിർത്തുകയും ചെയ്തു. 2018ൽ ഇന്ത്യൻ ജേഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ ജോർദാനെതിരെ ഒരു ഗോളും നേടി. അണ്ടർ 19, 23 തലങ്ങളിലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. "കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമായി ഈ ഫുട്ബാൾ യാത്രയിൽ ഞാൻ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ക്ലബിനായി ഞാൻ എന്റെ പരമാവധി നൽകും. നിരവധി ട്രോഫികൾ ഒരുമിച്ച് നേടാമെന്നും എല്ലാ ആരാധകർക്കും സന്തോഷം നൽകാൻ സാധിക്കുമെന്നും നിഷു കുമാർ പറഞ്ഞു.