ഇന്ത്യൻ ക്യാപ്ടൻ ധോണിയുമായി ഉടക്കി അവസാന ടെസ്റ്റിന് മുന്നേ വിരമിക്കേണ്ടിവന്നതിനെക്കുറിച്ച് അമ്പയർ ഡാരിൽ ഹാർപ്പർ
ലണ്ടൻ : ഇന്ത്യൻ ടീമിനെതിരായ തീരുമാനങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ് ആസ്ട്രേലിയൻ അമ്പയർ ഡാരിൽ ഹാർപ്പർ. 1999ലെ ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റിൽ ബൗൺസറിൽ നിന്ന് രക്ഷപെടാൻ കുനിഞ്ഞ സച്ചിന്റെ തോളിിൽ പന്ത് തട്ടിയതിന് എൽ.ബി.ഡബ്ളിയു വിധിച്ചയാളാണ് ഹാർപ്പർ. ക്രിക്കറ്റ് ലോകം മുഴുവൻ വിമർശിച്ചിട്ടും തന്റെ തീരുമാനത്തിൽ ഇന്നും അഭിമാനിക്കുന്നുവെന്നാണ് ഹാർപ്പർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ലോക ജനസംഖ്യയുടെ ആറിലൊന്ന് ആളുകൾ തന്നെ ആ സംഭവത്തോടെ അറിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്.
ധോണിയുടെ ഉടക്ക്
അന്ന് മാന്യനായ സച്ചിൻ മറുത്ത് ഒരുവാക്കും പറയാതെ മടങ്ങിയെങ്കിൽ പിന്നീട് ഇന്ത്യൻ ക്യാപ്ടനായിരുന്ന ധോണിയോട് ഉടക്കേണ്ടിവന്ന കാര്യവും ഹാർപ്പർ വെളിപ്പെടുത്തി. ഐ.സി.സി അമ്പയറെന്ന നിലയിൽ ഹാർപ്പറുടെ അവസാന ടെസ്റ്റ് പരമ്പര 2011ൽ ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലായിരുന്നു ഇത്. മൂന്നാം ടെസ്റ്റിലൂടെയാണ് ഹാർപ്പർ വിരമിക്കാനിരുന്നത്. എന്നാൽ, പരമ്പരയുടെ തുടക്കം മുതൽ ഇന്ത്യയ്ക്കെതിരായ തീരുമാനങ്ങളിലൂടെ ഹാർപ്പർ വിവാദപുരുഷനായി. ഇതോടെ അന്ന് ഇന്ത്യൻ ക്യാപ്ടനായിരുന്ന മഹേന്ദ്രസിംഗ് ധോണി കടുത്ത വിമർശമുയർത്തിയപ്പോൾ ‘വിരമിക്കൽ ടെസ്റ്റി’ൽനിന്ന് പിൻമാറേണ്ടി വന്നു.
കിംഗ്സ്ടണിലെ തർക്കം
ജമൈക്കയിലെ കിംഗ്സ്ടണിൽ നടന്ന ഒന്നാം ടെസ്റ്റിൽ ബൗളിംഗിനുശേഷം പിച്ചിലെ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിന് അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഇന്ത്യൻ താരം പ്രവീൺ കുമാറിനെ ആ ഇന്നിംഗ്സിൽ തുടർന്ന് ബൗൾ ചെയ്യുന്നതിൽനിന്ന് വിലക്കിയതായിരുന്നു ഏറ്റവും വിവാദപരമായ തീരുമാനം പ്രവീൺകുമാർ തുടക്കക്കാരനാണെന്നും കുറച്ചുകൂടി പരിഗണന നൽകണമെന്നും ധോണി തന്റെയടുത്ത് വന്ന് ആവശ്യപ്പെട്ടു. പക്ഷേ, 52 ഏകദിനങ്ങൾ കളിച്ചിരുന്ന പ്രവീൺകുമാറിന് ഇതൊന്നും അറിയാത്തതല്ലല്ലോയെന്നായിരുന്നു ഹാർപ്പറുടെ മറുപടി.
നിരോധിത മേഖലയിൽ കടന്നതിന് ഹാർപ്പർ വിലക്കുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നില്ല പ്രവീൺ. 2000ലെ സിംബാബ്വെയിൽ പര്യടനത്തിനു പോയപ്പോൾ ആശിഷ് നെഹ്റയെയും ഹാർപ്പർ വിലക്കിയിരുന്നു.ധോണി തന്നെ അത് ഒാർമ്മിപ്പിച്ചു എന്നും ഹാർപ്പർ പറയുന്നു.
‘ ഞങ്ങളുമായി നിങ്ങൾക്ക് പണ്ടും പ്രശ്നങ്ങളുണ്ടായിരുന്നു’ – എന്ന ധോണിയുടെ വാക്കുകൾ കേട്ട് താൻ പൊട്ടിച്ചിരിച്ചുകൊണ്ട് സ്ക്വയർ ലെഗ്ഗിലേക്ക് നടന്നത് ധോണിക്ക് ഇഷ്ടമായില്ലെന്നും ഹാർപ്പർ പറഞ്ഞു..
പരസ്യവിമർശനം
മത്സരത്തിൽ 63 റൺസിന് ജയിച്ചശേഷം ഹാർപ്പറിന്റെ തീരുമാനങ്ങളോടുള്ള എതിർപ്പ് ധോണി പത്രസമ്മേളനത്തിൽ പരസ്യമാക്കിയിരുന്നു. ‘ അമ്പയർമാരുടെ ഭാഗത്തുനിന്ന് ശരിയായ തീരുമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ കളി എപ്പോഴേ തീർത്ത് ഞാൻ ഇപ്പോൾ ഹോട്ടൽ മുറിയിലിരുന്നേനെ’ – എന്നാണ് ധോണി തുറന്നടിച്ചത്.പരമ്പരയിലെ ശേഷിച്ച രണ്ടു മത്സരങ്ങളിലും ഹാർപ്പറെ നിശ്ചയിച്ചിരുന്നെങ്കിലും വിവാദത്തെ തുടർന്ന് പിൻമാറി. ഇതോടെ 96 ടെസ്റ്റുകളുമായി കരിയർ അവസാനിപ്പിക്കുകയും ചെയ്തു.
ധോണിയെ ശിക്ഷിച്ചില്ല
അതേസമയം, അമ്പയറുടെ തീരുമാനങ്ങളെ പരസ്യമായി വിമർശിച്ച ധോണി ശിക്ഷിക്കപ്പെടേണ്ടതായിരുന്നുവെന്നാണ് ഹാർപ്പറിന്റെ പക്ഷം. തന്നെ ഭയപ്പെടുത്താൻ പോലും ധോണി ശ്രമിച്ചതായി ഹാർപർ ആരോപിക്കുകയും ചെയ്തു. ആ പരമ്പരയിൽ ധോണിയുടെ പെരുമാറ്റത്തിന് ഐസിസി നടപടി സ്വീകരിക്കാത്തതിലുള്ള രോഷവും ഹാർപ്പർ പങ്കുവച്ചു.