കൊച്ചി : കൊവിഡിന് ശേഷം മത്സരങ്ങൾ നടക്കാത്തതിനാൽ ജോലി ഇല്ലാതായ ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ ജീവനക്കാർക്ക് സഹായവുമായി കേരള രഞ്ജി ട്രോഫി ടീം അംഗം സച്ചിൻ ബേബി. കഴിഞ്ഞ ദിവസം എറണാകുളം കളമശേരി സെന്റ് പോൾസ് ഗ്രൗണ്ടിലെ ജീവനക്കാർക്ക് പലവ്യഞ്ജന കിറ്റുമായി സച്ചിനും ഭാര്യ അന്ന ചാണ്ടിയും നേരിട്ട് എത്തുകയായിരുന്നു. തുടർന്ന് രാജഗിരി കോളേജിലെയും കോതമംഗലം എം.എ കോളേജിലെയും തൊടുപുഴയിലെയും വയനാട്ടിലെയും ഗ്രൗണ്ടുകളിലെ സ്റ്റാഫിന് സുഹൃത്തുക്കൾ വഴി സഹായമെത്തിച്ചു.35 പേർക്കോളമാണ് സച്ചിന്റെ കരുതലിന്റെ കിറ്റ് എത്തിയത്.
താൻ കളിച്ചുവളർന്ന ഇഷ്ടഗ്രൗണ്ടുകൾ ഒരുക്കുന്നവരെ താൻ എപ്പോഴും ഒാർക്കാറുണ്ടെന്ന് സച്ചിൻ കേരള കൗമുദിയോട് പറഞ്ഞു."പലരെയും സ്വന്തം ചേച്ചിമാരെയും ചേട്ടന്മാരെയും പോലെയാണ് കാണുന്നത്. പല ചേച്ചിമാരും എനിക്ക് വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുത്തരാറുണ്ടായിരുന്നു. അവരുടെ ആ സ്നേഹത്തിന് മുന്നിൽ ഞാൻ ചെയ്തത് ഒന്നുമല്ല. "- കഴിഞ്ഞ മൂന്ന് സീസണുകളിൽ രഞ്ജി ട്രോഫിയിൽ കേരളത്തെ നയിച്ച സച്ചിൻ ബേബി പറയുന്നു.
ലോക്ക്ഡൗൺ പിൻവലിച്ചശേഷം പരിശീലനം പുനരാരംഭിച്ചിരുന്നുവെങ്കിലും കൊവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അത് നിറുത്തിവച്ചിരിക്കുകയാണെന്ന് സച്ചിൻ പറഞ്ഞു. ഇപ്പോൾ എറണാകുളത്തെ വീട്ടിൽത്തന്നെയാണ്. തിരുവനന്തപുരത്ത് ഏജീസ് ഒാഫിസിൽ ജീവനക്കാരനായ സച്ചിൻ ഇടയ്ക്ക് ഒാഫീസിലെത്തിയിരുന്നെങ്കിലും തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതിന് മുമ്പ് വീട്ടിലേക്ക് മടങ്ങിയിരുന്നു.ഇപ്പോൾ വീടിനോട് ചേർന്നുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതേയുളളൂ.
സെപ്തംബറിൽ ഐ.പി.എൽ നടക്കുമെന്നുള്ള വാർത്തകൾ ക്രിക്കറ്റർ എന്ന നിലയിൽ പ്രതീക്ഷ നൽകുന്നുവെന്ന് സച്ചിൻ പറഞ്ഞു.ഐ.പി.എല്ലിന് ശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളും തുടങ്ങുമെന്നാണ് പ്രതീക്ഷ. സാധാരണ ഗതിയിൽ രഞ്ജി ട്രോഫി നവംബർ മാസത്തിലാണ് തുടങ്ങുക. ഐ.പി.എൽ ഒക്ടോബറിൽ അവസാനിച്ചാൽ രഞ്ജി ട്രോഫിയുടെ നടത്തിപ്പിലേക്ക് ബി.സി.സി.ഐ കടക്കുമെന്ന് കരുതുന്നു. ആ സമയത്തേക്ക് കൊവിഡിന്റെ ആക്രമണവും കുറയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നാണ് മുൻ രഞ്ജി നായകൻ പറയുന്നത്.
ശ്രീശാന്ത് തിരിച്ചെത്തുന്നതോടെ കേരളത്തിന് ഇക്കുറി രഞ്ജി ട്രോഫിയിൽ മികച്ച സാദ്ധ്യതയുണ്ടെന്ന് സച്ചിൻ പറയുന്നു. 37-ാം വയസിലും മികച്ച ഫിറ്റ്നെസും വേഗവും നിലനിറുത്താൻ ശ്രീശാന്തിന് കഴിയുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷം ഒന്നിച്ച് പരിശീലനം നടത്തിയപ്പോൾ അത് നേരിട്ട് അറിഞ്ഞതാണ്. അസാദ്ധ്യമെന്ന് പലർക്കും തോന്നിയേക്കാവുന്ന ലക്ഷ്യങ്ങൾ പോലും നേടിയെടുക്കാനുള്ള മനസുറപ്പാണ് അദ്ദേഹത്തിന്റെ പ്രത്യേകത. യുവാക്കളെ പ്രചോദിപ്പിക്കാൻ ഒരുമടിയുമില്ല. അദ്ദേഹം എത്തുന്നതോടെ കേരള ടീമിന് ഒരു വല്ല്യേട്ടന്റെ സാന്നിദ്ധ്യം ഫീൽ ചെയ്യുമെന്ന് ഉറപ്പാണ്.- സച്ചിൻ ബേബി പറയുന്നു.