വെറ്ററൻ താരം സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളിൽ എ.സി മിലാൻ സസൗളോയെ തോൽപ്പിച്ചു
മിലാൻ : പ്രായം 38ലെത്തിയെങ്കിലും വീര്യത്തിന് ഒട്ടും കുറവില്ലാത്ത സ്ളാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ സെരി എയിലെ തന്റെ മിന്നുന്ന പ്രകടനം തുടരുന്നു. കഴിഞ്ഞ ദിവസം എ.സി മിലാൻ സസൗളോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ രണ്ടുഗോളുകളും സ്ളാട്ടന്റെ വകയായിരുന്നു.
19-ാം മിനിട്ടിലായിരുന്നു സ്ളാട്ടന്റെ ആദ്യ ഗോൾ. 42-ാം മിനിട്ടിൽ കപുട്ടോ പെനാൽറ്റിയിലൂടെ സമനിലയിലാക്കിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്ളാട്ടൻ വിജയഗോളും നേടി.
അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് ഗാലക്സിയിൽ നിന്ന് കഴിഞ്ഞ ഡിസംബറിലാണ് സ്ളാട്ടൻ മിലാനിലേക്ക് തിരിച്ചെത്തിയത്.2012 വരെ എ.സി മിലാന് കളിച്ചിരുന്ന സ്ളാട്ടൺ പിന്നീട് പാരീസ് എസ്.ജിയിലും മാഞ്ചസ്റ്റർ യുണൈറ്റഡിലുമൊക്കെ കളിച്ചശേഷമാണ് അമേരിക്കയിലേക്ക് പോയത്. ഇപ്പോഴത്തെ തിരിച്ചുവരവിൽ മിലാന്റെ പ്രായമേറിയ സ്കോററെന്ന റെക്കാഡും സ്വന്തമാക്കി.
സസൗളോയ്ക്കെതിരായ വിജയത്തോടെ 35 കളികളിൽ നിന്ന് 59 പോയിന്റായ മിലാൻ സെരിഎയിൽ അഞ്ചാം സ്ഥാനത്താണ്.34 മത്സരങ്ങളിൽ നിന്ന് 80 പോയിന്റുള്ള യുവന്റസാണ് ഒന്നാം സ്ഥാനത്ത്.