ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ വാറ്റ്ഫോർഡിനെ 4-0ത്തിന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി
ഇരട്ടഗോളടിച്ച് റഹിം സ്റ്റെർലിംഗ്, വാറ്റ്ഫോർഡ് തരംതാഴ്ത്തലിലേക്ക്
ലണ്ടൻ: കഴിഞ്ഞ വാരം എഫ്.എ കപ്പിന്റെ സെമിഫൈനലിൽ ആഴ്സനലിനോട് തോറ്റിരുന്ന മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ പ്രിമിയർ ലീഗിൽ പിൻനിരയുള്ള വാറ്റ്ഫോർഡിനെ തറപറ്റിച്ച് വിജയവഴിയിലേക്ക് തിരിച്ചുവന്നു.
വാറ്റ്ഫോർഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. സൂപ്പർ സ്ട്രൈക്കർ റഹിം സ്റ്റെർലിംഗ് ആയിരുന്നു രണ്ട് ഗോളുകൾ നേടിയത്. ഫോഡെനും ലാ പോർട്ടെയും ഒാരോഗോളുകൾ നേടി.
ആദ്യ പകുതിയിലായിരുന്നു സ്റ്റെർലിംഗിന്റെ രണ്ടുഗോളുകളും .31-ാം മിനിട്ടിൽ കൈൽ വാക്കറുടെ അസിസ്റ്റിൽ നിന്നായിരുന്നു ആദ്യഗോൾ. 40-ാം മിനിട്ടിൽ വാറ്റ്ഫോർഡ് ഗോളി ഫോസ്റ്റർ തട്ടിയിട്ട പെനാൽറ്റി കിക്ക് റീബൗണ്ട് ചെയ്തുവന്നത് വലയിലാക്കി സ്കോർ ഉയർത്തി. 63-ാം മിനിട്ടിൽ സ്റ്റെർലിംഗിന്റെ ഷോട്ട് ഫോസ്റ്റർ തട്ടിക്കളഞ്ഞത് പിടിച്ചെടുത്ത് ഫോഡനും വലകുലുക്കി. 66-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയാന്റെ പാസിൽ നിന്ന് ലാ പോർട്ടെ സിറ്റിയുടെ അവസാന ഗോളും നേടി. ഒരു ഡസൻ സേവുകൾ എങ്കിലും നടത്തിയ വാറ്റ്ഫോർഡ് ഗോളി ഫോസ്റ്ററുടെ പ്രതിരോധം ഇല്ലായിരുന്നെങ്കിൽ സിറ്റിയുടെ സ്കോർ ഉയർന്നേനെ.
ഇൗ വിജയത്തോടെ 37 മത്സരങ്ങളിൽ നിന്ന് 78 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഞായറാഴ്ച നോർവിച്ച് സിറ്റിയുമായാണ് മാഞ്ചസ്റ്ററിന്റെ ഇൗ സീസണിലെ അവസാന പ്രിമിയർ ലീഗ് മത്സരം. അതേസമയം തോൽവി വാറ്റ്ഫോർഡിനെ തരംതാഴ്ത്തലിന്റെ വക്കത്തെത്തിച്ചു. 37 മത്സരങ്ങളിൽ നിന്ന് 34 പോയിന്റ് മാത്രം നേടിയ വാറ്റ്ഫോർഡ് 18-ാം സ്ഥാനത്താണ്. അടുത്ത കളിയിൽ ആഴ്സനലിനെ തോൽപ്പിച്ചെങ്കിൽ മാത്രമേ വാറ്റ്ഫോർഡിന് അടുത്തസീസണിൽ പ്രിമിയർ ലീഗിൽ തുടരാൻ സാദ്ധ്യതയുള്ളൂ.
ആഴ്നലിന് തോൽവി
കഴിഞ്ഞ വാരം ലിവർപൂളിനെയും മാഞ്ചസ്റ്റർ സിറ്റിയെയും തോൽപ്പിച്ചിരുന്ന ആഴ്സനൽ പിന്നാലെ ആസ്റ്റൺ വില്ലയോട് തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വില്ലയുടെ വിജയം.27-ാം മിനിട്ടിൽ ട്രെസിഗ്വെയുടെ ഗോളിന് ജയിച്ച ആസ്റ്റൺ വില്ല പോയിന്റ് പട്ടികയിൽ 17-ാം സ്ഥാനത്തേക്കുയർന്ന് തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് തത്കാലം ഒഴിവാകുകയും ചെയ്തു.37 മത്സരങ്ങളിൽ നിന്ന് 53 പോയിന്റായ ആഴ്സനൽ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. ഇതോടെ ചാമ്പ്യൻസ് ലീഗ് സ്ഥാനപ്രതീക്ഷ പൊലിഞ്ഞു.
12-0
ഇൗ സീസണിലെ രണ്ട് മത്സരങ്ങളിലുമായി മാഞ്ചസ്റ്റർ സിറ്റി വാറ്റ്ഫോർഡിനെ തോൽപ്പിച്ച സ്കോർ. സെപ്തംബറിൽ നടന്ന ഹോം മാച്ചിൽ 8-0ത്തിനായിരുന്നു സിറ്റിയുടെ ജയം. ഒരു സീസണിൽ ഒരു എതിരാളിക്കെതിരെ ഹോം, എവേ മാച്ചുകളിലായുള്ള ഉയർന്ന ഗോൾ മാർജിൻ എന്ന ലീഗ് റെക്കാഡിനൊപ്പം സിറ്റിയുമെത്തി.