മഥുര: രാജാ മാൻസിംഗ് കൊലക്കേസിൽ പ്രതികളായ 11 പൊലീസുകാർക്കും ജീവപര്യന്തം തടവ്. മഥുരയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. പ്രതികൾ 10,000 രൂപ വീതം പിഴയും അടയ്ക്കണം. കേസിൽ പ്രതികളായ 11 പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ദീഗിലെ മുൻ ഡി.എസ്.പി. കാൻസിംഗ് ഭാട്ടി, പൊലീസുകാരായ വീരേന്ദ്രസിംഗ്, സുഖ്റാം, ജഗ്റാം, ജഗ്മോഹൻ, ഷേർസിംഗ്, പദ്മറാം, ഹരിസിംഗ്, ഛിദാർസിംഗ്, ഭവാർ സിംഗ്, രവി ശേഖർ എന്നിവരാണ് കേസിലെ പ്രതികൾ. ശിക്ഷ കേൾക്കാനായി പ്രതികളെയും കോടതിയിൽ എത്തിച്ചിരുന്നു. ജഡ്ജി സാധ്ന റാണി ഠാക്കൂർ ശിക്ഷാവിധി വായിച്ചതിന് പിന്നാലെ പ്രതികളെ മഥുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ആകെ 18 പൊലീസുകാരാണ് കേസിൽ പ്രതികളായുണ്ടായിരുന്നത്. ഇതിൽ നാല് പേർ വിചാരണ കാലയളവിൽ മരിച്ചു. മൂന്ന് പേരെ കോടതി വെറുതെവിടുകയും ചെയ്തു.
35 വർഷങ്ങൾ, 1700ലേറെ വാദങ്ങൾ
1985 ഫെബ്രുവരി 21-നാണ് ഭരത്പുർ രാജകുടുംബാംഗവും ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര എം.എൽ.എ.യുമായിരുന്ന രാജാ മാൻസിംഗ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. രാജസ്ഥാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ആ വെടിവയ്പ്പ്. പ്രതിഷേധം കത്തിപ്പടരുകയും വിവാദം കൊടുമ്പിരികൊള്ളുകയും ചെയ്തതോടെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ശിവ്ചരൺ മാഥൂറിന് രാജിവയ്ക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ രാജിയോടെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് താത്കാലിക ശമനമായെങ്കിലും നിയമയുദ്ധം തുടർന്നു. കേസ് സി.ബി.ഐ ഏറ്റെടുത്തു. രാജാ മാൻസിംഗിന്റെ മകൾ കൃഷ്ണേന്ദ കൗർ ദീപയുടെ ഹർജി പരിഗണിച്ച് സുപ്രീംകോടതി കേസിന്റെ വാദം രാജസ്ഥാനിൽനിന്ന് മഥുരയിലേക്ക് മാറ്റി. ഒടുവിൽ 1700-ലേറെ തവണ വാദം കേട്ട്, 35 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.